ശ്വാസതടസ്സം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsകൊളക്കാടന്‍
അശ്റഫ്
ജിദ്ദ: ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ചെമ്മങ്കടവ് സ്വദേശി കൊളക്കാടന്‍ അശ്റഫാണ് (56) മരിച്ചത്. വ്യാഴാഴ്ച രാത്രി 12ഓടെ താമസസ്ഥലത്തുവെച്ച് ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ച മൂന്നോടെ മരിക്കുകയായിരുന്നു. 36 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിൽ സ്റ്റുഡിയോ ജീവനക്കാരനായിരുന്നു. തനിമ സാംസ്കാരികവേദി അനാക്കിഷ് യൂനിറ്റ് പ്രസിഡൻറായിരുന്നു.
കഴിഞ്ഞ ദിവസം ജിദ്ദയിൽ അഷ്റഫ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലെ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ആസിയ. മക്കൾ: ശാമിൽ, സാമിർ, സാമിന, സമീഹ. ഭാര്യയും മകൻ ശാമിലും ജിദ്ദയിലുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം വൻ ജനാവലിയുടെ മയ്യിത്ത് നമസ്കാരത്തോടെ വെള്ളിയാഴ്ച അസർ നമസ്കാരാനന്തരം ജിദ്ദയിലെ ഫൈസലിയ മഖ്ബറയിൽ ഖബറടക്കി. മരണാനന്തര നടപടികൾ പൂർത്തിയാക്കാനും ഖബറടക്കത്തിനും മകൻ ശാമിലിനോടൊപ്പം തനിമ സാംസ്കാരികവേദി ജിദ്ദ നോർത്ത് സോൺ പ്രസിഡന്റ് സി.എച്ച്. ബഷീറിന്റെ നേതൃത്വത്തിൽ തനിമ പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

