അൽ അഹ്സ ഈന്തപ്പഴോത്സവത്തിന് മാറ്റുകൂട്ടി ‘ഒയാസിസ് ആർട്ട്’ പ്രദർശനം
text_fieldsഅൽ അഹ്സ ഈന്തപ്പഴോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ‘ഒയാസിസ് ആർട്ട്’ പ്രദർശനത്തിൽനിന്നുള്ള ഒരു ദൃശ്യം
അൽ അഹ്സ: അൽ അഹ്സ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈന്തപ്പഴോത്സവത്തിന് ചാരുത പകർന്ന് ‘ഒയാസിസ് ആർട്ട്’ (മരുഭൂമിയിലെ മരുപ്പച്ച) ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. തുടക്കം കുറിച്ച് രണ്ട് ദിവസത്തിനുള്ളിൽത്തന്നെ ആയിരക്കണക്കിന് സന്ദർശകരാണ് പ്രദർശനം കാണാൻ ഒഴുകിയെത്തുന്നത്. ദാർ നൂറ അൽ മൂസ ഫോർ കൾച്ചർ ആൻഡ് ക്രിയേറ്റിവ് ആർട്സുമായി സഹകരിച്ചാണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.
അൽ അഹ്സയുടെ സാംസ്കാരിക തനിമയും സർഗാത്മകതയും വിളിച്ചോതുന്ന പ്രദർശനത്തിൽ 153 കലാകാരന്മാരുടെ സൃഷ്ടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അൽ അഹ്സയിൽനിന്നുള്ള 100 പേരും, സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 33 പേരും, 20 അന്താരാഷ്ട്ര കലാകാരന്മാരും ഉൾപ്പെടുന്നു. കലയും പൈതൃകവും കൈകോർക്കുന്ന വൈവിധ്യമാർന്നതാണ് സൃഷ്ടികൾ. വർണാഭമായ പെയിൻറിങ്ങുകൾക്ക് പുറമെ, തടിയിലും കല്ലിലും കൊത്തിയെടുത്ത ശിൽപങ്ങളും സാംസ്കാരിക ആവിഷ്കാരങ്ങളും സന്ദർശകരെ ആകർഷിക്കുന്നു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള അൽ അഹ്സയുടെ സൗന്ദര്യവും ഐഡൻറിറ്റിയും ആഗോളതലത്തിൽ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. പ്രാദേശിക ടൂറിസം വികസിപ്പിക്കുകയും സൗദി കലാകാരന്മാരുടെ വളർച്ചക്ക് വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം. വെറുമൊരു പ്രദർശനം എന്നതിലുപരി, വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർക്ക് പരസ്പരം സംവദിക്കാനും ആശയങ്ങൾ പങ്കുവെക്കാനുമുള്ള ഒരു വലിയ വേദിയായി ‘ഒയാസിസ് ആർട്ട്’ മാറിയിരിക്കുകയാണ്. അൽ അഹ്സയുടെ സമ്പന്നമായ പൈതൃകത്തെ സമകാലിക കലയുമായി ബന്ധിപ്പിക്കുന്നതിൽ ഈ പ്രദർശനം വലിയ വിജയമാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

