നൂപുരധ്വനി ആർട്സ് അക്കാദമിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം
text_fieldsജുബൈലിൽ നൂപുരധ്വനി ആർട്സ് അക്കാദമിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോൾ
ജുബൈൽ: നൂപുരധ്വനി ആർട്സ് അക്കാദമിയുടെ പുതിയ കെട്ടിടം ‘മഹർജാൻ ജുബൈൽ’ ആഘോഷമേളയിൽ ഉദ്ഘാടനം ചെയ്തു. ജുബൈൽ എക്സ്പോ ഹാൾ ഉടമ താരിഖ് അൽ ഷമ്മരി, സി.ഇ.ഒ സാദ് അൽ ഷമ്മരി, ജുബൈൽ റീജനൽ പൊലീസ് വയർലെസ് വിഭാഗം മേധാവി അബു റാഷിദ്, ബഷീർ വാരോട്, രഞ്ജിത് വടകര, പവനൻ മൂലക്കിൽ, യൂ.ഐ.സി കമ്പനി സി.ഇ.ഒ അബ്ദുൽ മജീദ്, ബ്രിഡ്ജ് സൗദി കമ്പനി ചെയർമാൻ ജാവേദ് അഫ്താബ്, ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ആർ.ടി.ആർ. പ്രഭു, നൂപുരധ്വനി ആർട്സ് അക്കാദമി ചെയർമാൻ ഉമേഷ് കളരിക്കൽ, കൺവീനർ പ്രജീഷ് കറുകയിൽ, രക്ഷാധികാരി ലക്ഷ്മണൻ കണ്ടമ്പത് എന്നിവർ ചേർന്ന് തിരികൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ആദ്യമായാണ് സൗദി ഗവൺമെൻറ് എൻറർടൈൻമെൻറ് അതോറിറ്റിയുടെ അംഗീകാരത്തോടെ ഒരു കലാവിദ്യാലയം പ്രവർത്തിക്കുന്നത്. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മ്യൂസിക്, ഇൻസ്ട്രുമെൻറൽ മ്യൂസിക്, യോഗ, സൂംബ, കമ്പ്യൂട്ടർ തുടങ്ങിയ കോഴ്സുകൾ നൂപുരധ്വനിക്ക് കീഴിൽ നടക്കുന്നുണ്ട്. കുട്ടികൾ പഠനത്തോടൊപ്പം നൃത്തവും സംഗീതവും ചിത്രകലയും ആഴത്തിൽ അറിഞ്ഞുവളരുക, സ്ത്രീകൾക്കും പുരുഷന്മാർക്കും ആവശ്യമായ കായികക്ഷമതയിലൂടെ അവരുടെ ശാരീരിക മാനസികാരോഗ്യം വീണ്ടെടുക്കുക എന്നിവയാണ് നൂപുരധ്വനി ആർട്സ് അക്കാദമി ലക്ഷ്യം.
അക്കാദമി ഇ.ആർ. ഇവൻറ്സിന്റെ ബാനറിൽ സംഘടിപ്പിച്ച ‘മഹർജാൻ ജുബൈൽ’ ആഘോഷമേള ജുബൈലിയ വലിയ കലാമാമാങ്കമായാണ് അരങ്ങേറിയത്. ജുബൈലിലെ കലാകാരന്മാരും നൂപുരധ്വനിയിലെ അധ്യാപികമാരും കുട്ടികളും ഉൾപ്പടെ 250ഓളം പേർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നാട്ടിൽ നിന്നെത്തിയ നർത്തകിയും ഗായികയും സിനിമാതാരവുമായ രമ്യ നമ്പീശൻ, ഗായകരായ രഞ്ജിനി ജോസ്, മിയക്കുട്ടി, അക്ബർ ഖാൻ, റഫീഖ് റഹ്മാൻ എന്നിവർ ജനപ്രിയ ഗാനങ്ങളുമായി കാണികളെ സംഗീത ലഹരിയിലാഴ്ത്തി. സുധീർ പറവൂരിന്റെ ഹാസ്യാവതരണവും ശ്രുതി രജനികാന്തിന്റെ നൃത്തവും മേളക്ക് മിഴിവേകി. ബമീന റാസിഖ് അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

