ആണവ സുരക്ഷയും നിർവ്യാപനവും ലക്ഷ്യം; അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി റിയാദിൽ ചർച്ച
text_fieldsറിയാദ്: ആണവ സുരക്ഷ ഉറപ്പാക്കുന്നതിനും ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും (ഐ.എ.ഇ.എ) തമ്മിൽ റിയാദിൽ നിർണായക ചർച്ചകൾ നടന്നു. സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ എന്നിവർ അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയാണ് വിഷയം ചർച്ച ചെയ്തത്.
സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരുപക്ഷവും തമ്മിലുള്ള സാങ്കേതിക സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും, ആണവ സുരക്ഷക്കായി ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചും വിശദചർച്ചകൾ നടന്നു. പൊതുതാൽപര്യമുള്ള വിവിധ വിഷയങ്ങൾക്ക് പുറമെ, സൗദിയുടെ ദേശീയ ആണവോർജ പദ്ധതിയുടെ പുരോഗതിയും ഏജൻസിയുമായുള്ള സഹകരണത്തിൽ കൈവരിച്ച നേട്ടങ്ങളും യോഗം വിലയിരുത്തി.
‘സൗദി വിഷൻ 2030’ ന്റെ ഭാഗമായി രാജ്യത്തിന്റെ ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ടായിരുന്നു ചർച്ച. ഇതിനായി സാങ്കേതിക വൈദഗ്ധ്യ കൈമാറ്റം, ശേഷി വർധിപ്പിക്കൽ, ആണവ അടിസ്ഥാന സൗകര്യ വികസനം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഐ.എ.ഇ.എയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ഇരുവിഭാഗവും തീരുമാനിച്ചു.
സുരക്ഷയും ആശങ്കകളും
വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായുള്ള കൂടിക്കാഴ്ചയിൽ, ആണവായുധ നിർവ്യാപനവും ആഗോള ആണവ സുരക്ഷയും ഉറപ്പാക്കുന്നതിൽ സൗദിയും ഐ.എ.ഇ.എയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം അടിവരയിട്ടു സംസരിച്ചു. സുരക്ഷാ, മാനുഷിക, സാമ്പത്തിക മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ചെറുകിട-ലഘു ആയുധങ്ങളുടെ നിയമവിരുദ്ധ കടത്തിനെ ചെറുക്കുന്നതിൽ അറബ് രാജ്യങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആശങ്ക സൗദി വിദേശകാര്യ മന്ത്രി യോഗത്തിൽ ഊന്നിപ്പറഞ്ഞു.
ആണവായുധങ്ങളില്ലാത്ത ഒരു മിഡിൽ ഈസ്റ്റ് യാഥാർത്ഥ്യമാക്കുക എന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് സൗദി വ്യക്തമാക്കി. എന്നാൽ, ആണവായുധ നിർവ്യാപന ഉടമ്പടിയിൽ ഒപ്പുവെക്കാൻ ഇസ്രായേൽ തുടർച്ചയായി വിസമ്മതിക്കുന്നത്, മിഡിൽ ഈസ്റ്റിനെ കൂട്ടനശീകരണ ആയുധങ്ങളിൽ നിന്ന് മുക്തമായ ഒരു മേഖലയാക്കി മാറ്റുന്നതിനുള്ള പ്രധാന തടസ്സമാണെന്നും സൗദി ചർച്ചയിൽ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

