ആണവ നിരായുധീകരണം ആഗോള സുരക്ഷക്ക് അനിവാര്യം; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ
text_fieldsഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിൽ
റിയാദ്: ലോകത്തിെൻറയും പശ്ചിമേഷ്യൻ മേഖലയുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സമ്പൂർണ ആണവ നിരായുധീകരണം അല്ലാതെ മറ്റ് പോംവഴികളില്ലെന്ന് സൗദി അറേബ്യ. ആണവായുധ വ്യാപന നിരോധന ഉടമ്പടി (എൻ.പി.ടി) കൃത്യമായി നടപ്പാക്കണമെന്നും അതിെൻറ എല്ലാ വ്യവസ്ഥകളും തുല്യമായി പാലിക്കപ്പെടണമെന്നും സൗദി ആവശ്യപ്പെട്ടു.
ജനീവയിൽ നടന്ന എൻ.പി.ടി അവലോകന സമ്മേളനത്തിെൻറ 11ാമത് സെഷനിൽ സംസാരിക്കവെ, ഐക്യരാഷ്ട്രസഭയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിലാണ് രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കിയത്.
ആണവോർജ്ജം സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഉടമ്പടിയിൽ അംഗങ്ങളായ രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് ഡോ. അൽവാസിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി സഹകരിച്ചും സുതാര്യത ഉറപ്പുവരുത്തിയും ഈ അവകാശം വിനിയോഗിക്കാവുന്നതാണ്. പശ്ചിമേഷ്യയെ ആണവായുധ വിമുക്ത മേഖലയാക്കി മാറ്റുക എന്നത് ആഗോളതലത്തിലുള്ള കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആണവായുധ വ്യാപന നിരോധന ഉടമ്പടിയിൽ ചേരാൻ ഇസ്രായേൽ തുടർച്ചയായി വിസമ്മതിക്കുന്നത് മേഖലയിലെ സമാധാനത്തിന് പ്രധാന തടസ്സമാണെന്ന് സൗദി പ്രതിനിധി പറഞ്ഞു. ആണവായുധങ്ങളില്ലാത്ത മധ്യപൗരസ്ത്യ പ്രദേശം എന്ന ലക്ഷ്യത്തിന് ഇസ്രായേലിെൻറ ഈ നിലപാട് വെല്ലുവിളിയാണ്.
അതോടൊപ്പം, ഇറാെൻറ പ്രവർത്തനങ്ങളെയും സൗദി വിമർശിച്ചു. സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹം അപലപിച്ച കാര്യമാണ്. പ്രാദേശിക സുരക്ഷ ശക്തമാക്കുന്നതിനായി ഇറാൻ അയൽപക്ക മര്യാദകൾ പാലിക്കണമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം ആണവ പദ്ധതിയുടെ സമാധാനപരമായ സ്വഭാവം തെളിയിക്കുന്നതിന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി പൂർണമായി സഹകരിക്കാൻ ഇറാൻ തയ്യാറാകണമെന്നും സൗദി ഊന്നിപ്പറഞ്ഞു.
ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ സൗദി അപലപിച്ചു. ജറുസലേമിെൻറ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ല. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രായേലിെൻറ കുടിയേറ്റ പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നും ഡോ. അൽവാസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

