പ്രവാസി ഇന്ത്യൻ യുവതിക്ക് ‘ക്വീൻ ഓഫ് സബ്സ്റ്റൻസ്’ മത്സരത്തിൽ നേട്ടം
text_fieldsജൂബൈൽ: ന്യൂഡൽഹിയിൽ നടന്ന ‘മിസിസ് ഇന്ത്യ ക്വീൻ ഓഫ് സബ്സ്റ്റൻസ് 2026’ (സീസൺ 15) മത്സരത്തിൽ ജൂബൈലിൽ നിന്നുള്ള പല്ലവി സോനവാനെക്ക് മിന്നും വിജയം. ഡൽഹി ഐ.ടി.സി വെൽക്കം ഹോട്ടലിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ‘സഫയർ-2026’ ഡിവിഷനിൽ സെക്കൻഡ് റണ്ണറപ്പ് കിരീടമാണ് ഇവർ സ്വന്തമാക്കിയത്. ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ എന്ന ശീർഷകത്തിലെ മത്സരത്തിൽ ഈ നേട്ടം കൈവരിക്കുന്ന സൗദിയിൽ നിന്നുള്ള ആദ്യ പ്രവാസി വനിതയാണ് പല്ലവി.
സൗന്ദര്യത്തോടൊപ്പം ബുദ്ധിശക്തി, നേതൃപാടവം, സാമൂഹിക പ്രതിബദ്ധത എന്നിവ മുൻനിർത്തി അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ, ഇന്ത്യയിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് മത്സരാർഥികളെ പിന്നിലാക്കിയാണ് ഈ നേട്ടം.
23 വർഷമായി സൗദിയിലുള്ള പല്ലവി, തസ്നി പെട്രോകെമിക്കൽസിലെ എൻജിനീയറായ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ജൂബൈലിലാണ് സ്ഥിരതാമസം. കാംബ്രിഡ്ജ് ബോർഡ് സ്കൂൾ അധ്യാപിക, സംരംഭക, നർത്തകി എന്നീ നിലകളിൽ പ്രശസ്തയായ ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ശ്രദ്ധേയ സാന്നിധ്യം കൂടിയാണ്.
എലൈറ്റ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിലെ ചാമ്പ്യൻ സ്പീക്കറായ ഇവർ നൂറിലധികം യുവാക്കൾക്ക് നേതൃത്വ പരിശീലനം നൽകിയിട്ടുണ്ട്. സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചപ്പോൾ അത് ആദ്യമായി സ്വന്തമാക്കിയ പ്രവാസി വനിതകളിൽ ഒരാളാണ്. സൗദിയിലെ ആദ്യ വനിതാ ക്രിക്കറ്റ് ടൂർണമെൻറിലും ഇവർ പങ്കാളിയായിട്ടുണ്ട്. വിവിധ സാംസ്കാരിക കൂട്ടായ്മകളിൽ വിധികർത്താവായും അവതാരകയായും തിളങ്ങുന്ന പല്ലവി, ജൂബൈൽ വിൻറർ കാർണിവൽ ഉൾപ്പെടെയുള്ള പരിപാടികളിലൂടെ ഇന്ത്യൻ വീട്ടമ്മമാരെ ശാക്തീകരിക്കാൻ മുൻകൈ എടുക്കുന്നു.
ഇന്ത്യയിൽ സ്വന്തമായി ഹോട്ടൽ ബിസിനസ് രംഗത്തും ഇവർ സജീവമാണ്.
ഇന്ത്യൻ ഓവർസീസ് ഫോറം പ്രവർത്തകയുമാണ്. അനാഥാലയങ്ങളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനായി സമയം മാറ്റിവെക്കുന്ന പല്ലവിയുടെ വിജയം കൂടുതൽ സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന് ഇന്ത്യൻ ഓവർസീസ് ഫോറം പ്രസിഡൻറ് അനിൽ മൽപാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

