ജിദ്ദയിൽ തകർച്ചാഭീഷണിയിലുള്ള 129 കെട്ടിടങ്ങൾ ഒഴിപ്പിക്കാൻ നോട്ടീസ്; ഗുലൈൽ മേഖലയിൽ നടപടികൾ ആരംഭിച്ച് നഗരസഭ
text_fieldsജിദ്ദ: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി ജിദ്ദ നഗരസഭ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. ജിദ്ദയിലെ 'ഗുലൈൽ' മേഖലയിൽ തകർച്ചാഭീഷണി നേരിടുന്ന 129 കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിനാണ് നഗരസഭ ഔദ്യോഗികമായി നോട്ടീസ് നൽകിത്തുടങ്ങിയത്. ദ്രവിച്ചു ജീർണ്ണിച്ച കെട്ടിടങ്ങൾ ഉയർത്തുന്ന അപകടസാധ്യതകളിൽ നിന്ന് പൊതുസമൂഹത്തെ സംരക്ഷിക്കുന്നതിനായി നഗരസഭ നടപ്പിലാക്കുന്ന സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഈ അടിയന്തര നീക്കം.
അടിയന്തര-ദുരന്ത നിവാരണ ജനറൽ ഡിപ്പാർട്ട്‌മെൻറിെൻറ കീഴിലുള്ള പ്രത്യേക ദൗത്യസംഘം ഇതിനകം തന്നെ ഫീൽഡ് പരിശോധനകൾ പൂർത്തിയാക്കി, നോട്ടീസ് പതിക്കുന്ന നടപടികൾ ആരംഭിച്ചതായി നഗരസഭാ അധികൃതർ വ്യക്തമാക്കി. മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച്, നിയമപരമായ തുടർനടപടികൾ വേഗത്തിലാക്കുന്നതിെൻറ മുന്നോടിയായാണ് ഈ പ്രക്രിയ.
നഗരത്തിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ കണ്ടെത്തി പരിഹാരം കാണുന്നതിനായി ജിദ്ദ നഗരസഭ ആവിഷ്കരിച്ച പ്രത്യേക കർമ്മപദ്ധതിയുടെ തുടർച്ചയാണിത്. മുൻ ഘട്ടങ്ങളിൽ അൽ ഫൈസലിയ, അൽ റബുവ, അൽ ഫാറൂഖ്, അൽ-റുതൈസ് തുടങ്ങിയ പ്രധാന ജനവാസ മേഖലകളിൽ നഗരസഭ വിജയകരമായി ഫീൽഡ് സർവേകൾ നടത്തുകയും, അറ്റകുറ്റപ്പണികളോ പൊളിച്ചുനീക്കലോ ആവശ്യമുള്ള കെട്ടിടങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
വ്യക്തമായ നിയമാവലികൾക്ക് വിധേയമായാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നതെന്ന് നഗരസഭ ആവർത്തിച്ചു വ്യക്തമാക്കി. കെട്ടിടങ്ങളുടെ അവസ്ഥ കൃത്യമായി നിരീക്ഷിച്ചു രേഖപ്പെടുത്തുക, തുടർന്ന് ഉടമസ്ഥർക്ക് ഔദ്യോഗികമായി നോട്ടീസ് നൽകി ആവശ്യമായ നിയമപരമായ സമയപരിധി അനുവദിക്കുക, അതിനുശേഷവും നിർദ്ദേശങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ നിലവിലുള്ള നിയമപ്രകാരം കർശനമായ അന്തിമ നടപടികളിലേക്ക് കടക്കുക എന്നിവയാണ് നഗരസഭ സ്വീകരിക്കുന്ന രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

