ശ്രദ്ധേയമായി റെഡ് സീ മ്യൂസിയത്തിലെ ഇന്ത്യൻ ഖുർആൻ കാലിഗ്രാഫി പെയിൻറിങ്
text_fieldsജിദ്ദ റെഡ് സീ മ്യൂസിയത്തിലെ ഇന്ത്യൻ ഖുർആൻ കാലിഗ്രാഫി പെയിൻറിങ്
ജിദ്ദ: ചരിത്രനഗരമായ ജിദ്ദ ബലദിലെ റെഡ് സീ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ ഖുർആൻ കാലിഗ്രാഫി പെയിൻറിങ് സന്ദർശകരുടെ പ്രധാന ആകർഷണമായി മാറുന്നു. മ്യൂസിയത്തിലെ ‘ബഹറുൽ ഈമാൻ’ ഹാളിലാണ് ആത്മീയതയും ദൃശ്യഭംഗിയും സമന്വയിപ്പിച്ച ഈ കലാപൈതൃകം ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ മൈസൂരിൽ എ.ഡി. 1859-60 കാലഘട്ടത്തിൽ ഘൗസ് മഹ്ബൂബ് ഗാലിബ് എന്ന പ്രതിഭയാണ് ഒരു വർഷത്തെ കഠിനശ്രമത്തിലൂടെ ഈ അത്ഭുത കലാസൃഷ്ടി പൂർത്തിയാക്കിയത്.
മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ പശ്ചാത്തലത്തിൽ ഖുർആനിലെ മുഴുവൻ അധ്യായങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ പെയിൻറിങ്ങിെൻറ പ്രധാന സവിശേഷത. കട്ടിയുള്ള കടലാസിൽ, കറുത്ത മഷിയും സ്വർണ അലങ്കാരങ്ങളും ഉപയോഗിച്ച് ‘ദിവാനി’ ലിപിയിലാണ് ഇത് രചിച്ചിരിക്കുന്നത്. പെയിൻറിങ്ങിെൻറ മധ്യത്തിലായി വൃത്താകൃതിയിൽ കഅ്ബാലയത്തെയും ഹറം പള്ളിയുടെ വാസ്തുവിദ്യാ വിശദാംശങ്ങളെയും അതിസൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു. ഇതിന് ചുറ്റിലുമായാണ് വളരെ ചെറിയ അക്ഷരങ്ങളിൽ വിശുദ്ധ ഖുർആനിലെ മുഴുവൻ വചനങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്.
മുകൾഭാഗത്ത് സൂറത്തുൽ ഫാത്തിഹയിൽ തുടങ്ങി താഴെ സൂറത്തുന്നാസ് വരെ തുടർച്ചയായാണ് ഈ കൈയെഴുത്തുപ്രതി തയാറാക്കിയിട്ടുള്ളത്. കലാപരമായ മൂല്യത്തിനപ്പുറം, പുണ്യഭൂമിയിലേക്കുള്ള ചരിത്രപരമായ സമുദ്രതീർത്ഥാടന യാത്രകളുടെ സാംസ്കാരിക പൈതൃകത്തെക്കൂടി ഈ സൃഷ്ടി അടയാളപ്പെടുത്തുന്നുണ്ട്.
ചെങ്കടൽ തുറമുഖങ്ങൾ വഴി ഇസ്ലാമിക ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കലയും സംസ്കാരവും എങ്ങനെ വ്യാപിച്ചു എന്നതിെൻറ മികച്ച തെളിവുകൂടിയാണിത്. മുസ്ലിം കാലിഗ്രാഫർമാരുടെ അസാധാരണമായ കഴിവും 19-ാം നൂറ്റാണ്ടിലെ ഇസ്ലാമിക് കൈയെഴുത്തുപ്രതികളുടെ പൂർണതയും വിളിച്ചോതുന്ന ഈ പെയിൻറിങ് കാണാൻ നിരവധി ആളുകളാണ് ദിവസേന മ്യൂസിയത്തിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

