വർണവിസ്മയം തീർത്ത് 'നൂർ റിയാദ്' ആഘോഷത്തിന് ഉജ്ജ്വല തുടക്കം
text_fieldsറിയാദിൽ ആരംഭിച്ച ‘നൂർ റിയാദ്’ആഘോഷത്തിൽനിന്ന്
റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ 'നൂർ റിയാദ്' ആഘോഷത്തിന് ഉജ്ജ്വല തുടക്കം. റിയാദ് നഗരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വർണ മനോഹര വിസ്മയ ദൃശ്യങ്ങൾ തീർക്കുന്ന ആഘോഷം വ്യാഴാഴ്ച രാത്രിയാണ് ആരംഭിച്ചത്. 17 ദിവസം നീണ്ടുനിൽക്കും.
നഗരത്തിെൻറ വിവിധ ഭാഗങ്ങളിലാണ് ലൈറ്റിങ്ങിനെ ആശ്രയിക്കുന്ന വിവിധ കലാസൃഷ്ടികളുടെ പ്രകടനം ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് റിയാദിൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്. 20ലധികം രാജ്യങ്ങളിൽനിന്നുള്ള ലൈറ്റിങ് ആർട്സ് മേഖലയിലെ പ്രമുഖരായ 60ഒാളം കലാകാരന്മാർ ആഘോഷത്തിൽ പെങ്കടുക്കുന്നുണ്ട്. 23 പേർ സൗദിയിൽനിന്നുള്ളവരാണ്. അഹ്മദ് മാതിർ, ലുഅ്ലുഅ് ഹമൂദ്, അയ്മൻ സൈദാനി, റാഷിദ് ശഅ്ശയി, മഹാ മലൂഹ് എന്നിവർ സൗദിയിൽനിന്നുള്ള കാലാകാരന്മാരിലുൾപ്പെടും. അന്താരാഷ്ട്ര തലത്തിൽ ലൈറ്റിങ് കലാരംഗത്ത് അറിയപ്പെട്ട ഡാനിയൽ ബുറീൻ, കാർസ്റ്റൺ ഹോളർ, ഇല്യ കബാകോവ്, എമിലിയ കബാകോവ്, യായോഇ കുസുമ, ഡാൻ ഫ്ലാവിൻ എന്നീ കലാകാരന്മാരും രംഗത്തുണ്ട്.
കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത 'റിയാദ് ആർട്ട്' പ്രോഗ്രാമിെൻറ ആദ്യത്തെ പരിപാടിയാണ് നൂർ റിയാദ്. 60ഒാളം ലൈറ്റിങ് ആർട്ടുകൾ, ഡിസ്പ്ലേകൾ, പ്രദർശനങ്ങൾ ഉൾപ്പെടും. ആഘോഷങ്ങൾക്കായി കിങ് അബ്ദുല്ല ഫൈനാൻസ് സെൻറർ, മുറബ്ബഅ്ലെ കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻറർ എന്നിവിടങ്ങളിൽ രണ്ട് പ്രധാന കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ 'നൂർ അലാ നൂർ' എന്ന പേരിൽ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. 1960 മുതൽ ഇന്നോളമുള്ള ലൈറ്റിങ് കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഏറ്റവും വലിയ സംഘടിത കലാ പ്രദർശനമാണിത്. കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറിനു കീഴിലെ കോൺഫറൻസ് ഹാളിൽ നാല് പവലിയനുകളായി തിരിച്ചാണ് വൈവിധ്യമാർന്ന ലൈറ്റിങ് ആർട്ട് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ശിൽപശാലകൾ, ചർച്ച സെഷനുകൾ, ടൂറുകൾ, സന്നദ്ധ പരിപാടികൾ, പ്രദർശനം, സിനിമാറ്റിക്, സംഗീത പരിപാടികൾ, കുടുംബാംഗങ്ങൾക്ക് അനുയോജ്യമായ വിനോദ, വിദ്യാഭ്യാസ പരിപാടികൾ എന്നിവയും വരും ദിവസങ്ങളിലായി നടക്കും. റിയാദ് നഗരത്തെ ലോക തലസ്ഥാനങ്ങളിൽ അർഹമായ സ്ഥാനത്തേക്ക് ഉയർത്തുന്നതാണ് നൂർ റിയാദ് എന്ന ആഘോഷം. വിഷൻ-2030ന് അനുസൃതമായി നഗരത്തിലെ ജീവിത നിലവാരം ഉയർത്തുക, പാരമ്പര്യവും സമകാലികവും സമന്വയിപ്പിക്കുന്ന ഒാപൺ ആർട്ട് ഗാലറിയായി റിയാദ് നഗരത്തെ മാറ്റുക, നഗരത്തിെൻറ സാംസ്കാരികവും കലാപരവുമായ വശങ്ങൾ വർധിപ്പിക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
'നൂർ റിയാദ്' ആഗോള വാർഷികാഘോഷമാക്കും –റിയാദ് ആർട്ട് മേധാവി
റിയാദ്: നൂർ റിയാദ് പരിപാടി ഇനി ആഗോള വാർഷികാഘോഷമായിരിക്കുമെന്ന് റിയാദ് ആർട്ട് പദ്ധതി മേധാവി ഖാലിദ് അൽസാമിൽ പറഞ്ഞു. തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ പ്രദേശിക, അന്തർദേശീയ കലാകാരന്മാർക്ക് അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കുന്നതായിരിക്കും.
അന്താരാഷ്ട്ര കലാകാരന്മാരുടെ ഏറ്റവും പുതുമയാർന്നതും നൂതനവുമായ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനുള്ള വേദിയായി റിയാദ് മാറും. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും ആഘോഷ പരിപാടികൾ നടക്കുകയെന്നും അൽസാമിൽ പറഞ്ഞു. 17 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കിടയിൽ 'നൂറുൻ അലൻ നൂർ' എന്നൊരു പ്രദർശനം ഒരുക്കിയിട്ടുണ്ട്. മൂന്നുമാസം നീണ്ടു നിൽക്കുന്നതാണത്. അന്താരാഷ്ട്ര കലാസൃഷ്ടികൾ കൂടുതലാളുകൾക്ക് കണ്ട് ആസ്വദിക്കാൻ അവസരമൊരുക്കുന്നതിനാണ് ഇത്രയും ദിവസങ്ങൾ പ്രദർശനം ഒരുക്കിയിരിക്കുന്നത്. വൈകീട്ട് ആറു മുതൽ രാത്രി ഒരു മണി വരെയാണ് സന്ദർശന സമയം. കിങ് അബ്ദുല്ല ഫൈനാൻസ് കേന്ദ്രം, കിങ് അബ്ദുല്ല ഹിസ്റ്റോറിക്കൽ സെൻറർ, നഖീലിലെ സ്പോർട്സ് ഗാർഡൻ, ഡിജിറ്റൽ സിറ്റി, കിങ്ഡം ടവർ, വാദി ഹനീഫ ഗാർഡൻ, വാദീ നിമാർ ഗാർഡൻ, തുറൈഫ് ഹിസ്റ്റോറിക്കൽ ഡിസ്ട്രിക്റ്റ്, ജാക്സ് ഡിസ്ട്രിക്റ്റ്, ഹയ്യ് സഫാറയിലെ കർച്ചറൽ പാലസ്, മസ്മക് പാലസ്, കിങ് ഫഹദ് ദേശീയ ലൈബറി, വാജിഹത്ത് റിയാദ് എന്നി 13 സ്ഥലങ്ങളിലും ആഘോഷമുണ്ടാകുമെന്നും റിയാദ് ആർട്ട് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

