ദരീൻ വിന്റർ ഫെസ്റ്റിവലിൽ കലയുടെ കേരളത്തനിമയുമായി ‘നൂപുര ധ്വനി’
text_fields‘നൂപുര ധ്വനി’ കലാകാരന്മാരും ഭാരവാഹികളും ജുബൈൽ ദരീൻ വിന്റർ ഫെസ്റ്റിവലിൽ
ജുബൈൽ: റോയൽ കമീഷൻ മേഖലയിലെ ദരീൻ കുന്നുകളിൽ നടക്കുന്ന ദരീൻ വിൻറർ ഫെസ്റ്റിവലിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ജുബൈലിലെ ‘നൂപുര ധ്വനി’ ആർട്സ് അക്കാദമിയുടെ കലാകാരന്മാരും. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ജുബൈലിൽനിന്നുള്ള മലയാളി കലാകാരന്മാർക്ക് വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. കിഴക്കൻ പ്രവിശ്യയിൽ നടക്കുന്ന വലിയ ഉത്സവമായ ദരീൻ വിന്റർ ഫെസ്റ്റിവലിൽ പരിപാടികൾ അവതരിപ്പിക്കാൻ നൂപുരധ്വനി അക്കാദമിക്ക് സാധിച്ചത് വലിയൊരു അംഗീകാരമാണെന്ന് ഭാരവാഹിയായ പ്രജീഷ് കറുകയിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
സംസ്കാര സമ്പന്നമായ നാടിന്റെ തനതായ കലാരൂപങ്ങൾ സൗദിയിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. ഇതിന് അവസരം നൽകിയ അധികൃതർക്ക് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു.
നൂപുരധ്വനിയിലെ ശ്യാമ നിതിൻ, കാർത്തിക, ഗീതു, ഇഷ സുബൈർ, സഫ്ന ഷാനവാസ് എന്നിവർ തെയ്യം ഡാൻസും രേവതി അജീഷ്, രമ്യ ദിലീപ്, സീന രാകേഷ്, നീതു ബിജു, ശരണ്യ സന്തോഷ്, എൻ.എസ്. സൗമ്യ എന്നിവർ കൈകൊട്ടികളിയും ജയൻ തച്ചമ്പാറ, കൃഷ്ണകുമാർ, അങ്കിത് മേനോൻ, അജയ് കണ്ണോത്, ജിതിൻ, വിഷ്ണു, അനീഷ് സുധാകരൻ, ജയൻ കാലയിൽ, സീമ ഗിരീഷ്, ശരത്, സുരേഷ് എന്നിവർ ചെണ്ടമേളവും അവതരിപ്പിച്ചു.
സ്വദേശികൾ ഉൾപ്പെടെയുള്ള കാണികളിൽനിന്ന് നിറഞ്ഞ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്ന് കലാകാരന്മാർ പറഞ്ഞു. നിരവധി ആളുകളാണ് ആഴ്ചാവസാനം ദരീൻ കുന്നുകളിലെ ആഘോഷങ്ങൾ ആസ്വദിക്കാൻ ഒഴുകിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

