ഫ്രാൻസ് പിൻവലിച്ച നൂഡിൽസ് സൗദി വിപണിയിലെത്തിയിട്ടില്ല -എസ്.എഫ്.ഡി.എ
text_fieldsജിദ്ദ: കീടനാശിനി എഥിലീൻ ഓക്സൈഡിന്റെ സാന്ദ്രത അനുവദനീയ അളവിൽ കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് ഫ്രഞ്ച് അധികൃതർ പിൻവലിച്ച ഇൻസ്റ്റന്റ് നൂഡിൽസ് രാജ്യത്തെ വിപണിയിലെത്തിയിട്ടില്ലെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) സ്ഥിരീകരിച്ചു. പിൻവലിക്കൽ സമയത്തുതന്നെ ഫ്രഞ്ച് അധികൃതരുടെ നീക്കം നിരീക്ഷിച്ചിരുന്നതായി അതോറിറ്റി അറിയിച്ചു. ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുണ്ട്. ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയല്ലാതെ ഒരു ചരക്കും സൗദിയിൽ എത്തുന്നില്ല. ഉപഭോക്തൃ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ തിരിച്ചുവിളികളോ ഉണ്ടായാൽ വിവരങ്ങൾ നേടുന്നതിനും പിന്തുടരുന്നതിനും ഇലക്ട്രോണിക് ക്ലിയറൻസ് സിസ്റ്റം സഹായിക്കുന്നു. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സംരക്ഷിക്കുന്നതിൽ ഒരുവിധ വിട്ടുവീഴ്ചയും ചെയ്യുന്നില്ലെന്ന് അതോറിറ്റി ആവർത്തിച്ചു.

