60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കും ക്ഷേമനിധിയിൽ ചേരാൻ അവസരം നൽകണം –നവയുഗം
text_fieldsമുഹമ്മദ് ഷിബു, സാബു വർക്കല, സാജൻ ജേക്കബ്
ദമ്മാം: 60 വയസ്സ് പിന്നിട്ടതിനാൽ പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ കഴിയാതെ പോയ പ്രവാസികൾക്ക് പെൻഷൻ പദ്ധതിയിൽ ചേരാൻ അവസരം നൽകണമെന്ന് നവയുഗം സാംസ്കാരികവേദി അദാമ യൂനിറ്റ് കൺവെൻഷൻ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. വ്യക്തിപരമായ പല കാരണങ്ങളും ക്ഷേമനിധിയെക്കുറിച്ചുള്ള അജ്ഞതയും സാഹചര്യങ്ങളും മൂലമാണ് പല പ്രവാസികൾക്കും 60 വയസ്സ് ആകുന്നതിനുമുമ്പ് ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ കഴിയാതെ പോയത്.
അത്തരക്കാർക്ക് ഒരു അവസരം കൂടി കൊടുക്കാൻ സർക്കാർ തയാറാവണം. മുമ്പ് ചേരാൻ കഴിയാത്ത 60 വയസ്സ് കഴിഞ്ഞവർക്ക്, അടുത്ത ഒരുവർഷത്തേക്ക് ക്ഷേമനിധിയിൽ ചേരാൻ ഗ്രേസ് പിരീഡ് നൽകണം. ഈ കാലയളവിൽ പ്രവാസി സംഘടനകളുടെ സഹായത്തോടെ വൻപ്രചാരണം നൽകി അത്തരം എല്ലാ പ്രവാസികളെയും കൊണ്ട് ക്ഷേമനിധിയിൽ അംഗത്വം എടുപ്പിക്കാൻ കഴിയണം. ക്ഷേമനിധിയിൽ ചേർന്ന് അഞ്ചു വർഷം തുടർച്ചയായി അംശാദായം അടച്ചുകഴിഞ്ഞാൽ, അവർക്കും പ്രവാസി പെൻഷൻ കിട്ടുന്ന സംവിധാനം ഒരുക്കണം. അതിനു സർക്കാർ മുൻകൈയെടുക്കണം.
ദമ്മാം സിറ്റിയിൽ നടന്ന നവയുഗം അദാമ യൂനിറ്റ് കൺവെൻഷനിൽ പ്രസിഡന്റ് സാബു വർക്കല അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ഗോപകുമാർ അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു. നവയുഗം ഡിസംബറിൽ നടത്തുന്ന 'നവയുഗസന്ധ്യ-2K22' എന്ന മെഗാ പരിപാടിയെയും വിവിധ കാമ്പയിനുകളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ദമ്മാം മേഖല പ്രസിഡന്റ് തമ്പാൻ നടരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
യൂനിറ്റ് ഭാരവാഹികളായ ജാബിർ, ഷീബ സാജൻ, മുഹമ്മദ് ഷിബു, സത്യൻ കുണ്ടറ എന്നിവർ സംസാരിച്ചു. യൂനിറ്റിന്റെ പുതിയ ഭാരവാഹികളെയും കൺവെൻഷൻ തെരഞ്ഞെടുത്തു. മുഹമ്മദ് ഷിബു (പ്രസി.), സാബു വർക്കല (സെക്ര.), സാജൻ ജേക്കബ് (രക്ഷാ.), മധു കുമാർ, ഷീബ സാജൻ (വൈ. പ്രസി.), സത്യൻ കുണ്ടറ, സുരേഷ് കുമാർ (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ. സാജൻ ജേക്കബ് സ്വാഗതവും സാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

