സൗദിയിൽ താൽക്കാലിക തൊഴിൽ വിസക്കാർക്ക് ഇഖാമയും വർക്ക് പെർമിറ്റും വേണ്ട -ഖിവ പ്ലാറ്റ്ഫോം
text_fieldsജിദ്ദ: സൗദിയിലേക്ക് താൽക്കാലിക തൊഴിൽ വിസയിൽ വരുന്നവർക്ക് ഇഖാമയും (റെസിഡൻറ് പെർമിറ്റ്) വർക്ക് പെർമിറ്റും വേണ്ടെന്ന് ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരാൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവ പ്ലാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വിസക്കാരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കില്ല.
താൽക്കാലിക തൊഴിൽ വിസയിൽ വരുന്നയാൾക്ക് ഒരു നിശ്ചിത കാലയളവിൽ മാത്രമേ രാജ്യത്ത് ജോലി ചെയ്യാൻ അനുവദിക്കുകയുള്ളൂ. അത് നൽകുന്നത് സ്ഥാപനത്തിന്റെ നിതാഖാത് പദവിയെ ബാധിക്കില്ല. സ്വദേശിവത്കരണം പാലിക്കുന്നത് ഉയർന്ന തോതിലെത്തുമ്പോൾ മാത്രമാണ് താൽക്കാലിക വിസകൾ നൽകാറ്. അത്തരം വിസകൾ സമാനമായ കാലയളവിൽ നീട്ടാനും സാധിക്കുമെന്നും ഖിവ പ്ലാറ്റ്ഫോം പറഞ്ഞു.

