സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്നതിൽ വിട്ടുവീഴ്ചയില്ല; നിലപാട് ആവർത്തിച്ച് സൗദി അറേബ്യ
text_fieldsറിയാദ്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നത് സൗദി അറേബ്യയുടെ അചഞ്ചലമായ നിലപാടാണെന്ന് വിദേശകാര്യ മന്ത്രാലയം. ഫലസ്തീനികളെ മാറ്റിപ്പാർപ്പിക്കുമെന്നുള്ള യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ പ്രസ്താവനകൾക്ക് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് സൗദി അറേബ്യ നിലപാട് ആവർത്തിച്ചത്. ഫലസ്തീൻ രാഷ്ട്രത്തെക്കുറിച്ചുള്ള സൗദിയുടെ ഉറച്ച നിലപാട് ചർച്ചയ്‌ക്കോ ലേലം വിളിക്കലിനോ വിധേയമല്ലെന്നും മന്ത്രാലയം തുറന്നടിച്ചു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ 2024 സെപ്റ്റംബർ 18ന് ശൂറാ കൗൺസിലിെൻറ ഒമ്പതാം സെഷൻ പ്രവർത്തനോദ്ഘാടന വേളയിൽ ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രവുമായി ബന്ധപ്പെട്ട നിലപാട് സുവ്യക്തമാണ്. അതിലൊരു വിട്ടുവീഴ്ചയുമില്ല. അതൊരു തരത്തിലും മാറ്റാനാവില്ല. കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമം സൗദി അറേബ്യ അവസാനിപ്പിക്കില്ലെന്നും അതില്ലാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നും പണ്ടേ വ്യക്തമാക്കിയതാണ്.
കഴിഞ്ഞ വർഷം നവംബർ 11ന് റിയാദിൽ ചേർന്ന അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടിയിലും സൗദി കിരീടാവകാശി ഈ ഉറച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നത് വ്യക്തമായ നിലപാടാണെന്ന് അന്നും ഉറച്ച ശബ്ദത്തിലാണ് പറഞ്ഞിട്ടുള്ളത്. അതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ തുടർച്ചയും ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യവും ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വത്തിന് ഫലസ്തീന് അർഹതയുണ്ടെന്നും കിരീടാവകാശി അർഹിക്കുന്ന ഗൗരവത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേലിെൻറ സെറ്റിൽമെൻറ് നയങ്ങളിലൂടെയോ, ഫലസ്തീൻ ഭൂമി പിടിച്ചടക്കുന്നതിലൂടെയോ, അല്ലെങ്കിൽ ഫലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് കുടിയിറക്കാൻ ശ്രമിക്കുന്നതിലൂടെയോ ആ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ ഹനിക്കുന്നതിനെ സൗദി അറേബ്യ ഒരുതരത്തിലും അംഗീകരിക്കില്ല. അത്തരം നീക്കങ്ങളെ ശക്തമായി തള്ളിക്കളയുന്നുവെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്ന കാര്യവും മന്ത്രാലയം പ്രസ്താവനയിൽ സൂചിപ്പിച്ചു.
അന്താരാഷ്ട്ര നിയമസാധുതാ പ്രമേയങ്ങൾക്ക് അനുസൃതമായി ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടാതെ ശാശ്വതവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനാവില്ല. ഇത് അമേരിക്കയുടെ മുൻ ഭരണകൂടത്തോടും നിലവിലെ ഭരണകൂടത്തോടും മുമ്പ് വ്യക്തമാക്കിയതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.