ആദ്യമായി നിട്രോ സർക്കസ് റിയാദിൽ
text_fieldsറിയാദ്: ലോകപ്രശസ്ത കായികാഭ്യാസ സംഘം നിട്രോ സർക്കസ് ആദ്യമായി സൗദിയിലെത്തുന്നു. ഒരു രാജ്യാന്തര സർക്കസ് പരിപാടി സൗദി കുടുംബങ്ങൾക്ക് ഒരു സ്റ്റേഡിയത്തിൽ നേരിൽ കണ്ട് ആസ്വദിക്കാൻ അവസരമൊരുങ്ങുന്നത് ഇതാദ്യമായാണ്. സൗദി വിനോദരംഗത്ത് പുതുചരിത്രമെഴുതുന്ന മിന്നും അഭ്യാസപ്രകടനങ്ങൾക്ക് നവംബർ മൂന്ന്, നാല് തീയതികളിൽ റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് രാജ്യാന്തര സ്േറ്റഡിയമാണ് വേദിയാകുന്നത്.
സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയും ടൈം എൻറർടൈൻമെൻറും സംയുക്തമായാണ് ത്രസിപ്പിക്കുന്ന കാഴ്ചാനുഭവങ്ങൾ സൗദി കാണികൾക്ക് സമ്മാനിക്കാൻ ഒരുങ്ങുന്നത്. വെള്ളിയാഴ്ച വൈകീട്ട് 7.30നും ശനിയാഴ്ച വൈകീട്ട് 5.30നുമാണ് പ്രദർശനങ്ങൾ. പ്രധാനമായും കുടുംബസദസിന് വേണ്ടിയാണ് വിശാലമായ സ്റ്റേഡിയത്തിൽ ലോകോത്തര അഭ്യാസപ്രകടനങ്ങൾ അരങ്ങേറുക. ആഗോള സർക്കസ് രംഗത്തെ മിന്നും താരങ്ങളായ 30 അത്ലറ്റുകളുടെ സംഘം അഭ്യാസപ്രകടനങ്ങൾ നടത്താനെത്തും.
കാർ, ബൈക്ക്, സ്കൂട്ടർ പോലുള്ള വാഹനങ്ങളും കുതിര, മഞ്ഞുപാളികളിൽ തെന്നിനീങ്ങാനുള്ള പാദുകം, കളിപ്പാട്ട കാർ എന്നിവയും ഉപയോഗിച്ചുള്ള അത്യന്തം അപകടകരവും സാഹസികവുമായ അഭ്യാസ പ്രകടനങ്ങളും ട്രിപ്പിൾ എയറോബിക്സ് പോലുള്ള മറ്റ് സർക്കസ് ഇനങ്ങളും കാണികൾക്ക് വിസ്മയാനുഭവം പകരും. കായികാഭ്യാസികൾ 40 അടി ഉയരത്തിൽ നിന്ന് ആകാശപാതയിലൂടെ സ്റ്റേഡിയത്തിലേക്ക് ഇറങ്ങിവരുന്ന കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനത്തോടെയാണ് പരിപാടിയുടെ തുടക്കം. അഞ്ച് തരം പ്രവേശന ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്.
വി.െഎ.പി ടിക്കറ്റിന് 750 റിയാലാണ് നിരക്ക്. പ്ലാറ്റിനം (500 റിയാദൽ), ഡയമണ്ട് (200 റിയാൽ), ഗോൾഡ് (100 റിയാൽ), സിൽവർ (50 റിയാൽ) എന്നിവയാണ് മറ്റ് വിഭാഗങ്ങൾ. രണ്ട് വയസിൽ കുറവുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. വിഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. www.ticketmasterksa.com എന്ന വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിങ്ങിന് സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
