ആതുര സേവിക നിഷ ആസാദ് പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നു
text_fieldsനിഷ ആസാദ്
യാംബു: 17 വർഷത്തെ ആതുരസേവനം അവസാനിപ്പിച്ച് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിനിയായ നിഷ ആസാദ് പ്രവാസത്തോട് വിട പറയുന്നു.
യാംബുവിലെ റോയൽ കമീഷൻ മെഡിക്കൽ സെൻററിൽ (ആർ.സി. ആശുപത്രി) നിന്ന് നല്ല നഴ്സിനുള്ള അവാർഡ് കൂടി നേടിയ സന്തോഷത്തിലാണ് നിഷ ആസാദ് സേവനം അവസാനിപ്പിക്കുന്നത്. കാരുണ്യത്തിെൻറ സ്നേഹസ്പർശം രോഗികൾക്ക് നൽകി പ്രവാസം ധന്യമാക്കിയാണ് അവർ നാട്ടിലേക്ക് മടങ്ങുന്നത്.
2004ൽ ആർ.സി ആശുപത്രിയിലെ സ്ത്രീകളുടെ സർജിക്കൽ വാർഡിൽ സ്റ്റാഫ് നഴ്സായാണ് സേവനം തുടങ്ങിയത്. ആശുപത്രിയിലെത്തുന്ന പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതയായ ഇവർ മലയാളി രോഗികൾക്കും മറ്റുള്ളവർക്കും വലിയ ആശ്വാസമായിരുന്നു. മലയാളികളായ രോഗികൾക്ക് ഇവരുടെ കാരുണ്യസ്പർശത്തിൽ നിറഞ്ഞ സംതൃപ്തിയായിരുന്നുവെന്ന് അവിടെ ജോലി ചെയ്യുന്ന മലയാളി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.
നാടണയുന്ന നിഷ ആസാദിന് ആശുപത്രിയിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. ഭർത്താവായ അബ്ദു ആസാദ് യാംബു റോയൽ കമീഷനിലെ ട്രോണോക്സ് കെമിക്കൽ കമ്പനിയിൽ പ്രോസസ് പ്ലാൻറ് ഓപറേറ്റർ ആയി ജോലി ചെയ്യുന്നു. മുഹമ്മദ് അനീസ്, അസ്സ ഫാത്തിമ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

