മലയാള സിനിമാഗാന രചനയിൽ പ്രവാസി സാന്നിധ്യമായി നിശാന്ത് കൊടമന
text_fieldsജുബൈൽ : മലയാള ചലച്ചിത്ര ഗാന രചനാമേഖലയിൽ പ്രവാസി സാന്നിധ്യമുറപ്പിച്ച് നിശാന്ത് കൊടമന ശ്രദ്ധേയനാകുന്നു. കഴിഞ്ഞ ദിവസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ സച്ചിൻ രാജ് സംവിധാനം ചെയ്ത ‘ശ്രീഹള്ളി’ എന്ന സിനിമക്ക് വേണ്ടിയാണ് നിശാന്ത് കൊടമന രണ്ടു ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പിന്നണി ഗായിക കെ.എസ് ചിത്രയും, കോഴിക്കോട് സുനിൽകുമാറും ചേർന്ന് ആലപിച്ച ‘മഴമുകിൽ പെയ്യുമീ സന്ധ്യയിൽ’ എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ഗായകൻ കാർത്തിക്കും, ശ്രീകാന്ത് കൃഷ്ണയും ചേർന്ന് ആലപിച്ച ‘സ്വപ്‌നങ്ങൾ പങ്കിടാം’ എന്ന ഗാനമാണ് മറ്റൊന്ന്. ജുബൈലിലെ സാഹിത്യ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിശാന്ത് മെക്കാനിക്കൽ എൻജിനീയറാണ്. ചലച്ചിത്ര രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പാണ് ‘ശ്രീഹള്ളി’ എന്ന സിനിമ. രാജേഷ് ബാബു, ഷിംജിത് ശിവൻ എന്നിവർ സംഗീതമൊരുക്കിയ സിനിമയിൽ അകെ ആറ് ഗാനങ്ങളാണുള്ളത്. ബീബ കെ. നാഥ്, സുധി എന്നിവരാണ് മറ്റു ഗാനങ്ങളുടെ രചയിതാക്കൾ.
കോഴിക്കോട് എരഞ്ഞിക്കൽ കൊടമനയിൽ നിശാന്ത് ‘എബക്സ്’ എന്ന സാംസ്‌കാരിക വേദിയിലൂടെയാണ് കലാരംഗത്ത് പ്രവേശിക്കുന്നത്. നാട്ടിൽ നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും മിമിക്രി, മൈം എന്നിവയിലൂടെ കഴിവ് തെളിയിക്കുകയും ചെയ്തു. അന്തരിച്ച റഫീഖ് എന്ന കലാകാരനാണ് വഴികാട്ടിയായി ഉണ്ടായിരുന്നത്. ഇതിനിടെ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം കരസ്ഥമാക്കിയ നിശാന്ത് അഞ്ചു വർഷം മുമ്പ് സൗദിയിലെ ഹോയെർബിഗെർ എന്ന കമ്പനിയിൽ സർവീസ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. ബന്ധു ദീപക് ലാൽ തട്ടാരക്കലുമായി ചേർന്ന് ‘എൻസെംപിൾസ്’ എന്ന ആൽബം ചെയ്തു. ഇതിൽ പിന്നണി ഗായിക വിനീത ആലപിച്ച ‘ഒരു പൂവിെൻറ ചുണ്ടിലെ മധുപാത്രം’ എന്ന ഗാനം ശ്രദ്ധേയമായി. ഈ ഗാനത്തിലെ വരികളാണ് സിനിമ മേഖലയിലേക്കുള്ള വരവിന് നിമിത്തമായത്. പാട്ട് കേട്ട സംവിധായകനും, സംഗീത സംവിധായകനും നിശാന്തിനെ തങ്ങളുടെ പുതിയ സിനിമയിലേക്ക് ഗാന രചനക്കായി ക്ഷണിക്കുകയായിരുന്നു.
പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ശ്രീഹള്ളി എന്ന ചലച്ചിത്രം ഒരു ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് എത്തുന്ന കുറച്ച് പച്ചമനുഷ്യരുടെ കഥയാണ്. പ്രണയവും സൗഹൃദവും തമാശകളും നിറഞ്ഞ കുടുംബ ചിത്രമാണ് ശ്രീഹള്ളി. ചിത്രീകരണം നടക്കുന്ന രണ്ടു സിനിമക്ക് കൂടി നിശാന്ത് ഗാന രചന നിർവഹിച്ചുകഴിഞ്ഞു .
സഗീർ പത്താൻ സംവിധാനം ചെയ്യുന്ന ‘ഒരു പപ്പടവട പ്രേമം’ എന്ന സിനിമയുടെ ടൈറ്റിൽ സോങും, പ്രവീൺ കുമാർ നിർമ്മിക്കുന്ന സിനിമയിൽ റിമി ടോമി ആലപിച്ച ഒരു ഗാനവുമാണ് നിശാന്തിെൻറ സംഭാവന. കൂടാതെ രണ്ട് ആൽബങ്ങൾക്കും കരാറായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുകയും ചെറുകഥയും കവിതയും എഴുതുകയും ചെയ്യുന്നു. എരഞ്ഞിക്കലെ രാഷ്ട്രീയ നാടക വേദികളിൽ നിറഞ്ഞു നിന്ന കൊടമന വേണുവിെൻറയും തങ്കത്തിെൻറയും മകനായ നിശാന്ത് ജുബൈലിൽ നവോദയ അറഫിയ ഏരിയ കമ്മിറ്റി അംഗവും, കലാ സാംസ്‌കാരിക വിഭാഗത്തിലെ സജീവ പ്രവർത്തകനുമാണ്. ഭാര്യ : ലിജിന, മക്കൾ : വൈഭവ്, ദ്രുപത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
