നിലമ്പൂർ പ്രവാസി സംഘടന ധനസഹായം കൈമാറി
text_fieldsനിലമ്പൂർ പ്രവാസി സംഘടന ധനസഹായം അബ്ദുല്ല വല്ലാഞ്ചിറ റഊഫ് സഹായ സമിതി ചെയർമാൻ അനിൽ റോസിന് കൈമാറുന്നു
റിയാദ്: കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന നിലമ്പൂർ സ്വദേശി മൂർഖൻ റഊഫിന്റെ ചികിത്സാർഥം നിലമ്പൂർ പ്രവാസി സംഘടന റിയാദിലെ പൊതുസമൂഹത്തിൽ നിന്ന് സ്വരൂപിച്ച 3,05,000 രൂപ നൽകി. നിലമ്പൂർ ജനതാപടിയിലെ റഊഫ് സഹായ സമിതി ഓഫിസിൽ നടന്ന ചടങ്ങിൽ സംഘടന മുൻ പ്രസിഡൻറും രക്ഷാധികാരിയുമായി അബ്ദുല്ല വല്ലാഞ്ചിറ ഫണ്ട് സഹായ സമിതി ചെയർമാൻ അനിൽ റോസിന് കൈമാറി. റഊഫിന്റെ തുടർചികിത്സക്ക് കൂടുതൽ സഹായം ആവശ്യമായി വന്നാൽ അതേറ്റടുക്കാനും നിലമ്പൂർ പ്രവാസി സംഘടന തയാറാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ മുൻ പ്രസിഡൻറ് ഷൗക്കത്ത് ഉള്ളാട്ട് പറമ്പിൽ, ഷാനവാസ് പട്ടികാടൻ, ഹിദായത്ത്, ഉനൈസ്, ഹക്കീം, ആൻറണി സെബാസ്റ്റ്യൻ, ഗഫൂർ എരഞ്ഞിക്കൽ, ശിഹാബ് തെക്കിൽ, നൗഷാദ് ഉലുവാൻ, അനീഷ്, അലി, ബിച്ചു, റഈഫ്, ഷാജി എന്നിവർ പങ്കെടുത്തു.

