‘ന്യൂയോർക്ക് പ്രഖ്യാപനം’; ജി.സി.സി കൗൺസിലും ഒ.ഐ.സിയും അറബ് ലീഗും സ്വാഗതം ചെയ്തു
text_fieldsറിയാദ്: ഫലസ്തീൻ പ്രശ്‌നത്തിന്റെ സമാധാനപരമായ പരിഹാരത്തെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ നേട്ടത്തെയും കുറിച്ചുള്ള ‘ന്യൂയോർക്ക് പ്രഖ്യാപനം’ എന്ന കരട് പ്രമേയം യു.എൻ പൊതുസഭ അംഗീകരിച്ചതിനെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി സ്വാഗതം ചെയ്തു. ഈ പ്രമേയത്തിൽ സൗദിയും ഫ്രാൻസും നടത്തിയ അക്ഷീണ ശ്രമങ്ങളെയും ഈ സുപ്രധാന പ്രഖ്യാപനം തയ്യാറാക്കുന്നതിൽ സംഭാവന നൽകിയ വർക്കിങ് കമ്മിറ്റികളുടെയും അന്താരാഷ്ട്ര പാർട്ടികളുടെയും പ്രധാന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
മേഖലയിലും ലോകത്തും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ വർധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഈ പ്രഖ്യാപനം മാറുമെന്നും ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനും അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമുള്ള പ്രതീക്ഷയുടെ ഒരു ദീപസ്തംഭമായി ഇത് മാറുമെന്നും സെക്രട്ടറി ജനറൽ ഊന്നിപ്പറഞ്ഞു.ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണയ്ക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ ഉറച്ച നിലപാട് അൽബുദൈവി സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി 1967 ജൂൺ 4 ന് കിഴക്കൻ ജറുസലേമിനെ തലസ്ഥാനമായി അതിർത്തി പങ്കിടുന്ന ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ അവകാശമാണ് അതിൽ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരവുമായി മുന്നോട്ട് പോകേണ്ടതന്റെ ആവശ്യകതയെക്കുറിച്ചുള്ള വർധിച്ചുവരുന്ന അന്താരാഷ്ട്ര സമവായത്തിന്റെ പ്രതിഫലനമാണ് ‘ന്യൂയോർക്ക് പ്രഖ്യാപന’ത്തിനുള്ള അംഗീകാരമെന്ന് അറബ് ലീഗ് വിശേഷിപ്പിച്ചു. പ്രമേയത്തെ സ്വാഗതം ചെയ്യുന്നു. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാത്ത രാജ്യങ്ങൾ ചരിത്രത്തിന്റെ തെറ്റായ വശത്താണെന്നും അറബ് ലീഗ് പറഞ്ഞു.
ഐക്യരാഷ്ട്രസഭ പൊതുസഭ വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ച ‘ചരിത്രപരമായ’ പ്രമേയത്തെ ഒ.ഐ.സി പ്രശംസിച്ചു. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും മേഖലയിൽ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നതിനുള്ള അന്താരാഷ്ട്ര സമവായവും പ്രതിബദ്ധതയും പ്രമേയം ഉൾക്കൊള്ളുന്നുവെന്ന് അവർ പ്രസ്താവിച്ചു.
സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നതിൽ റിയാദും പാരീസും വഹിച്ച മുൻനിര പങ്കിനെയും വർകങ് ഗ്രൂപ്പുകളുടെ തലവന്മാരുമായി കൂടിയാലോചിച്ച് അന്തിമ രേഖ അംഗീകരിക്കുന്നതിനും അത് തയ്യാറാക്കുന്നതിനും പിന്തുണ സമാഹരിക്കുന്നതിൽ അവർ നടത്തിയ അക്ഷീണവും സംയുക്തവുമായ ശ്രമങ്ങളെയും ഒ.ഐ.സി അഭിനന്ദിച്ചു. ഫലസ്തീൻ രാഷ്ട്രത്തിന്റെ പൂർണ്ണ അംഗീകാരം, ഐക്യരാഷ്ട്രസഭയിൽ പൂർണ്ണ അംഗത്വത്തിനുള്ള പിന്തുണ, അധിനിവേശ ശക്തിയായ ഇസ്രായേലിന് മേൽ ഫലസ്തീൻ ജനതയ്‌ക്കെതിരായ അധിനിവേശം, ആക്രമണം, കുടിയേറ്റം, നാടുകടത്തൽ, നാശം, പട്ടിണി തുടങ്ങിയ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ സമ്മർദ്ദം എന്നിവയുൾപ്പെടെ ‘ന്യൂയോർക്ക് പ്രഖ്യാപനത്തിൽ’ അടങ്ങിയിരിക്കുന്ന നടപടികൾ നടപ്പിലാക്കാൻ എല്ലാ രാജ്യങ്ങളും അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ഒ.ഐ.സി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

