ന്യൂയോർക് പ്രഖ്യാപനം ഉടൻ നടപ്പാക്കണം; –സൗദി, ഫ്രഞ്ച് സംയുക്ത പ്രസ്താവന
text_fieldsന്യൂയോർക്കിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ സൗദി വിദേശകാര്യ മന്ത്രി
അമീർ ഫൈസൽ ബിൻ ഫർഹാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സഹ അധ്യക്ഷത വഹിക്കുന്നു
റിയാദ്: ‘ന്യൂയോർക് പ്രഖ്യാപനം’ ഉടൻ നടപ്പാക്കണമെന്ന് സൗദി, ഫ്രഞ്ച് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തെയും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനെയും കുറിച്ചുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സമ്മേളനം മിഡിൽ ഈസ്റ്റിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള ‘ചരിത്രപരമായ’ നിമിഷമാണിതെന്ന് പ്രസ്താവന വിശേഷിപ്പിച്ചു.
യു.എൻ പൊതുസഭയിൽ നിന്ന് 142 വോട്ടുകളോടെ അസാധാരണമായ പിന്തുണ ലഭിച്ച ‘ന്യൂയോർക് പ്രഖ്യാപനം’ അംഗീകരിക്കുന്നതിൽ ഈ സമ്മേളനം സമാപിച്ചതായും ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള അന്താരാഷ്ട്ര പ്രതിബദ്ധതയെ ശരിവെക്കുകയും ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള മാറ്റാനാകാത്ത പാത രൂപപ്പെടുത്തുകയും ചെയ്തതായും പ്രസ്താവനയിൽ സൂചിപ്പിച്ചു.
ഗസ്സയിൽ ഇസ്രായേലിന്റെ കരയാക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്ഥിരമായ വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ, മാനുഷിക സഹായം സുഗമമാക്കൽ, ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേലി സൈന്യത്തെ പിൻവലിക്കൽ എന്നിവയുടെ ആവശ്യകത പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ആസ്ട്രേലിയ, ബെൽജിയം, കാനഡ, ലക്സംബർഗ്, മാൾട്ട, പോർച്ചുഗൽ, യു.കെ, ഡെൻമാർക്ക്, അൻഡോറ, മൊണാക്കോ, സാൻ മറിനോ, ഫ്രാൻസ് എന്നീ 13 രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതിനെ പ്രസ്താവന സ്വാഗതം ചെയ്തു. മറ്റ് രാജ്യങ്ങളോട് ഈ പ്രക്രിയയിൽ പങ്കുചേരാൻ ആഹ്വാനം ചെയ്തു. ഫലസ്തീൻ അതോറിറ്റിയുടെ ക്ഷണപ്രകാരം സുരക്ഷ കൗൺസിൽ നിർദേശിച്ച പ്രകാരം താൽക്കാലിക അന്താരാഷ്ട്ര സ്ഥിരത ദൗത്യത്തെ വിന്യസിക്കുന്നതിനുള്ള പിന്തുണ പ്രസ്താവന സ്ഥിരീകരിച്ചു.
വെസ്റ്റ് ബാങ്കിനെയും ഗസ്സ മുനമ്പിനെയും ഫലസ്തീൻ അതോറിറ്റിയുടെ കുടക്കീഴിൽ ഏകീകരിക്കേണ്ടതിന്റെ പ്രാധാന്യം, ‘ഒരു രാഷ്ട്രം, ഒരു സർക്കാർ, ഒരു നിയമം, ഒരു ആയുധം’ എന്ന നയത്തെ സ്വാഗതം ചെയ്യൽ, ഹമാസിന്റെ ഭരണം അവസാനിപ്പിക്കുകയും അതിനെ നിരായുധീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രസ്താവന ഊന്നിപ്പറഞ്ഞു. അക്രമം നിരസിച്ചതും, സമാധാനപരമായ ഒത്തുതീർപ്പിനുള്ള പ്രതിബദ്ധതയും, ഫലസ്തീൻ രാഷ്ട്രം ആയുധധാരികളായിരിക്കില്ലെന്ന പ്രഖ്യാപനവും ഉൾപ്പെടെയുള്ള ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രതിജ്ഞകളെ പ്രസ്താവന പ്രശംസിച്ചു. പരമാധികാരത്തെ ബഹുമാനിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾക്കുള്ള അദ്ദേഹത്തിന്റെ സന്നദ്ധത പ്രസ്താവനയിൽ സൂചിപ്പിച്ചു. ഫലസ്തീൻ അതോറിറ്റി നടപ്പാക്കാൻ ആരംഭിച്ച പരിഷ്കാരങ്ങളെ പ്രസ്താവന സ്വാഗതം ചെയ്തു.
പലസ്തീൻ അതോറിറ്റിയുടെ ബജറ്റിനായി അടിയന്തര ധനസഹായം സമാഹരിക്കുന്നതിനായി ‘ഫലസ്തീനിനെ പിന്തുണയ്ക്കുന്നതിനുള്ള അടിയന്തര സഖ്യം’ ആരംഭിക്കുന്നതായും സമ്മേളനം പ്രഖ്യാപിച്ചു.
ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള വ്യക്തമായ പ്രതിബദ്ധത പ്രഖ്യാപിക്കാനും കുടിയേറ്റ നിർമാണവും ഭൂമി കണ്ടുകെട്ടലും നിർത്താനും ഇസ്രായേൽ നേതൃത്വത്തോട് പ്രസ്താവന ആഹ്വാനം ചെയ്തു. ഏത് തരത്തിലുള്ള പിടിച്ചെടുക്കലും അന്താരാഷ്ട്ര സമൂഹത്തിന് ഒരു ‘ചുവപ്പ് രേഖ’ സൃഷ്ടിക്കുമെന്ന് പ്രസ്താവന ഊന്നിപ്പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കനുസൃതമായി, അധിനിവേശം അവസാനിപ്പിക്കുകയും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുകയും ചെയ്യുക എന്നതാണ് സമ്പൂർണ സമാധാനത്തിനുള്ള ഏക മാർഗമെന്ന് സമ്മേളനം ഊന്നിപ്പറഞ്ഞു. ആസിയാൻ, ഒ.എസ്.സി.ഇ എന്നിവയുടെ അനുഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പ്രാദേശിക സുരക്ഷ സംവിധാനം സ്ഥാപിക്കുന്നതിനുള്ള സംരംഭങ്ങളെ സമ്മേളനം സ്വാഗതം ചെയ്തു. മിഡിൽ ഈസ്റ്റിൽ സമഗ്രമായ സമാധാനം കൈവരിക്കുന്നതിന് സിറിയൻ-ഇസ്രായേൽ, ലബനീസ്-ഇസ്രായേൽ പാതകൾ പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

