‘ന്യൂയോർക്ക് പ്രഖ്യാപനം’; ഗസ്സയും വെസ്റ്റ് ബാങ്കും ഫലസ്തീൻ പ്രദേശമാണെന്ന് സ്ഥിരീകരിക്കുന്നു -സൗദി വിദേശകാര്യ മന്ത്രി
text_fieldsന്യൂയോർക്കിൽ ചേർന്ന ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
റിയാദ്: ഗസ്സയും വെസ്റ്റ് ബാങ്കും ഫലസ്തീൻ പ്രദേശമാണെന്ന് ‘ന്യൂയോർക്ക് പ്രഖ്യാപനം’ സ്ഥിരീകരിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. കൂടുതൽ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ‘ന്യൂയോർക്ക് പ്രഖ്യാപനത്തിന്റെ’ വിശദാംശങ്ങളും ഫലസ്തീൻ പ്രശ്നത്തിലെ സംഭവവികാസങ്ങളും ചർച്ച ചെയ്യുന്നതിനായി ന്യൂയോർക്കിൽ ചേർന്ന ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ മന്ത്രിതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇസ്രായേലിന്റെ പിടിച്ചെടുക്കൽ, കുടിയേറ്റ വിപുലീകരണം അല്ലെങ്കിൽ നിർബന്ധിത കുടിയിറക്കൽ എന്നിവയ്ക്കുള്ള ഏതൊരു ശ്രമങ്ങളെയും സൗദി നിരസിക്കുന്നു. ഇസ്രായേൽ അധിനിവേശം, ഇസ്‍ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾക്കെതിരെ അതിക്രമങ്ങൾ, വംശഹത്യ, ക്ഷാമം, ലംഘനങ്ങൾ എന്നിവയിൽ അധിനിവേശ ശക്തി തുടരുമ്പോൾ ദ്വിരാഷ്ട്ര പരിഹാരത്തെ ഒരു പ്രതിബദ്ധതയാക്കി മാറ്റുന്നതിനുള്ള വ്യക്തമായ ഒരു ഉത്തരവാണ് ന്യൂയോർക്ക് പ്രഖ്യാപനമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഗസ്സയുടെ പുനർനിർമ്മാണത്തിനായുള്ള അറബ്-ഇസ്‍ലാമിക് പദ്ധതിയെ തന്റെ രാജ്യം പിന്തുണയ്ക്കുന്നു. കഠിനമായ സാഹചര്യങ്ങൾക്കിടയിലും ഫലസ്തീൻ അതോറിറ്റിയുടെ പരിഷ്കരണത്തെ പിന്തുണയ്ക്കുന്നുവെന്നും വദേശകാര്യ മന്ത്രി പറഞ്ഞു. 1967 ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നയതന്ത്രപരവും മാനുഷികവുമായ ശ്രമങ്ങൾ സൗദി തുടരുമെന്ന് വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു.
ഇത് മുഴുവൻ മേഖലയിലെയും ജനങ്ങൾക്ക് നീതിയും ശാശ്വതവുമായ സമാധാനത്തിനും പങ്കിട്ട സുരക്ഷയ്ക്കും സമൃദ്ധിക്കും വഴിയൊരുക്കും. മേഖല, അന്തർദേശീയ തലങ്ങളിൽ സംയുക്ത പ്രവർത്തനങ്ങൾ തുടരുന്നതിനൊപ്പം ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിനും വ്യക്തമായ നിർവ്വഹണ സംവിധാനങ്ങളും പുരോഗതി സൂചകങ്ങളും സ്ഥാപിക്കുന്നതിനുമാണ് ഈ യോഗം ലക്ഷ്യമിടുന്നത്.
ഫലസ്തീൻ അതോറിറ്റിയെ ദുർബലപ്പെടുത്തുന്ന എല്ലാ നടപടികളെയും സൗദി തള്ളുന്നു. ഫലസ്തീൻ അതോറിറ്റിയെ ശാക്തീകരിക്കേണ്ടതിന്റെയും ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും ഏകീകരിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുന്നു. വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള അറബ് പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

