യാംബുവിലെ ഡാക്കർ റാലി നഗരിയിൽ കളറായി പുതുവത്സരാഘോഷം
text_fieldsയാംബുവിലെ ഡാക്കർ റാലി നഗരിയിൽ നടന്ന പുതുവത്സരാഘോഷം
യാംബു: ജനുവരി മൂന്നിന് യാംബു ചെങ്കടൽ തീരത്ത് നിന്ന് തുടക്കം കുറിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്പോർട്സ് മത്സരമായ ‘ഡാക്കർ റാലി 2026’ന് വേണ്ടി ഒരുങ്ങിയിരിക്കുന്ന നഗരിയിൽ പുതുവത്സരാഘോഷം കൊണ്ടാടി. 69 രാജ്യങ്ങളിൽനിന്ന് 39 വനിതകളുൾപ്പെടെ 812 മത്സരാർഥികളും അവർക്ക് വേണ്ട വിവിധ സംവിധാനങ്ങൾ ഒരുക്കുന്ന ആയിരക്കണക്കിന് ആളുകളും ഉൾക്കൊള്ളുന്ന വലിയൊരു സമൂഹം ആഘോഷപരിപാടിയിൽ പങ്കെടുത്തു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ഗായകരും മറ്റും ഒരുമിച്ചു കൂടി പുതുവർഷപ്പിറവിയെ കരഘോഷം മുഴക്കിയും നൃത്തം വെച്ചും വരവേറ്റു. ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്പോർട്സ് മത്സരമായ ഡാക്കർ റാലി യാംബു ഷറം ഭാഗത്തുള്ള ചെങ്കടൽ തീരത്ത് നിന്നാണ് തുടക്കം കുറിക്കുന്നത്. സൗദി സ്പോർട്സ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഏഴാമത് റാലിക്ക് വേണ്ട എല്ലാ ഒരുക്കവും പൂർത്തിയായി വരുന്നു.
7994 കിലോമീറ്റർ ദൂരത്തിലാണ് സാഹസിക യാത്രയായ ഡാക്കർ റാലി നടക്കുന്നത്. അൽഉല, ഹാഇൽ, റിയാദ്, വാദി ദവാസിർ, ബിഷ, ഹനാക്കിയ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോയ ശേഷം ജനുവരി 17-ന് യാംബുവിൽ തന്നെയാണ് സമാപിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആളുകളുടെ സംയുക്തമായ പുതുവത്സരാഘോഷ പരിപാടി ആസ്വദിക്കാൻ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ശക്തമായ പൊലീസ് സുരക്ഷയും മറ്റു സംവിധാനങ്ങളും ഒരുക്കിയ പ്രദേശം ഇപ്പോൾ ഒരു വലിയ ഉത്സവനഗരിയെപോലെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

