അൽഉലയിലേക്കുള്ള പുതിയ ശൈത്യകാല വിമാന സർവീസുകൾ പ്രഖ്യാപിച്ചു
text_fieldsഅൽഉല അന്താരാഷ്ട്ര വിമാനത്താവളം
അൽഉല: സൗദി അറേബ്യയുടെ പുരാതന നഗരമായ അൽഉലയെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ശൈത്യകാല വിമാന സർവീസുകൾ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഇവൻ്റുകൾക്കായി അൽഉല ഒരുങ്ങുമ്പോൾ, ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെയാണ് ശൈത്യകാല ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ ദോഹ, അമ്മാൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരെ വഹിച്ചുകൊണ്ട് ആഴ്ചയിൽ എട്ട് വിമാന സർവീസുകൾ അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.
ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ആഴ്ചയിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസുകൾ നടത്തും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 90-ൽ അധികം രാജ്യങ്ങളെ അൽഉലയുമായി ബന്ധിപ്പിക്കാൻ ഈ സർവീസുകൾ സഹായിക്കും. അൽഉലയിൽ നിന്ന് ജോർദാൻ തലസ്ഥാനമായ അമ്മാനിലേക്ക് റോയൽ ജോർദാനിയൻ എയർലൈൻസ് സർവീസ് പുനരാരംഭിക്കും. ഒക്ടോബർ 19 മുതൽ 2026 ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുന്ന സർവീസുകൾ ആഴ്ചയിൽ വ്യാഴം, ഞായർ ദിവസങ്ങളിൽ ഉണ്ടാകും. പുരാതന നബാതിയൻ നാഗരികതയുടെ ശേഷിപ്പുകളായ ജോർദാനിലെ പെട്രയും അൽഉലയിലെ യുനെസ്കോ പൈതൃക കേന്ദ്രമായ ഹെഗ്രയും തമ്മിലുള്ള സാംസ്കാരിക ബന്ധം ഈ റൂട്ട് ദൃഢമാക്കും.
ദുബായിൽ നിന്ന് അൽഉലയിലേക്ക് ആഴ്ചയിൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ഫ്ലൈദുബായ് വിമാനം സർവീസ് നടത്തും.
ആഭ്യന്തര സർവീസുകൾ വർധിപ്പിച്ചുകൊണ്ട് സൗദിയിലെ പ്രധാന നഗരങ്ങളിൽ നിന്നും അൽഉലയിലേക്ക് എത്തിച്ചേരാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ഓരോന്ന് വീതം രണ്ട് ദിവസേനയുള്ള വിമാനങ്ങൾ സൗദിയ ഓപ്പറേറ്റ് ചെയ്യും. റിയാദിൽ നിന്ന് ആഴ്ചയിൽ തിങ്കൾ, വെള്ളി, ഞായർ ദിവസങ്ങളിലും ദമ്മാമിൽ നിന്ന് ആഴ്ചയിൽ വ്യാഴം, ശനി ദിവസങ്ങളിലും ഫ്ലൈനാസ് സർവീസ് നടത്തും.
സന്ദർശകർക്ക് അതിമനോഹരമായ ഭൂപ്രകൃതിയും ആഢംബരപൂർണമായ ഹോസ്പിറ്റാലിറ്റിയും സമ്പന്നമായ സാംസ്കാരിക പൈതൃകവും ആസ്വദിക്കാൻ അവസരം നൽകുന്ന ഈ വിമാന സർവീസ് വിപുലീകരണം, 'മൊമന്റ്‌സ് അൽഉല' ഇവൻ്റ് കലണ്ടറിൻ്റെ ഭാഗമായുള്ള വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിന് സഹായകമാകും. അൽഉലയിലേക്ക് സന്ദർശകരെ ആകർഷിക്കാനുള്ള പ്രതിബദ്ധതയാണ് ഈ വിപുലീകരണം വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

