സൗദിയിൽ മധുരപാനീയങ്ങൾക്ക് പുതിയനികുതി പ്രാബല്യത്തിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ എക്സൈസ് നികുതി (സെലക്ടീവ് ടാക്സ്) നയം തിരുത്തിയ സുപ്രധാന തീരുമാനം പ്രാബല്യത്തിൽ. പഞ്ചസാരയുടെ അളവിന് അനുസരിച്ച് മധുരപാനീയങ്ങൾക്ക് പ്രത്യേക നികുതി ചുമത്താനും ഗ്യാസ് നിറച്ച സോഡ പാനീയങ്ങളുടെ നികുതി പൂർണമായും ഒഴിവാക്കാനും സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സറ്റ്ക) എടുത്ത തീരുമാനമാണ് ജനുവരി ഒന്ന് മുതൽ നടപ്പായത്.
മധുരപാനീയങ്ങളുടെ നികുതി പഞ്ചസാരയുടെ അളവനുസരിച്ച് നാല് വിഭാഗങ്ങളായി പുനർനിശ്ചയിക്കുന്നതാണ് തീരുമാനം. ഔദ്യോഗിക ഗസറ്റായ ‘ഉമ്മുൽ ഖുറാ’യിൽ പ്രസിദ്ധീകരിച്ച പുതിയ പട്ടിക പ്രകാരം, സോഡ പാനീയങ്ങളെ നികുതി പരിധിയിൽനിന്ന് ഒഴിവാക്കി. എന്നാൽ പുകയില ഉൽപന്നങ്ങൾ, എനർജി ഡ്രിങ്കുകൾ, ഇലക്ട്രോണിക് സ്മോക്കിങ് ഉപകരണങ്ങൾ എന്നിവക്ക് നിലവിലുള്ള 100 ശതമാനം നികുതി മാറ്റമില്ലാതെ തുടരും.
മധുരപാനീയങ്ങളിലെ പുതിയ നികുതി ഘടന:
പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് (ഓരോ 100 മില്ലി ലിറ്ററിലും) അടിസ്ഥാനമാക്കി നാല് സ്ലാബുകളായാണ് നികുതി തിരിച്ചിരിക്കുന്നത്.
1. പഞ്ചസാരയില്ലാത്തവ: കൃത്രിമ മധുരം മാത്രം അടങ്ങിയ പാനീയങ്ങൾക്ക് നികുതിയില്ല.
2. കുറഞ്ഞ അളവ്: 100 മില്ലി ലിറ്ററിൽ അഞ്ച് ഗ്രാമിൽ താഴെ പഞ്ചസാരയുള്ളവക്ക് നികുതിയില്ല.
3. മിതമായ അളവ്: 100 മില്ലി ലിറ്ററിൽ അഞ്ച് മുതൽ 7.99 ഗ്രാം വരെ പഞ്ചസാരയുള്ളവക്ക് ലിറ്ററിന് 0.79 റിയാൽ നികുതി.
4. കൂടുതൽ അളവ്: 100 മില്ലി ലിറ്ററിൽ എട്ട് ഗ്രാമോ അതിലധികമോ പഞ്ചസാരയുള്ളവക്ക് ലിറ്ററിന് 1.09 റിയാൽ നികുതി.
ഉൽപാദകരോ ഇറക്കുമതിക്കാരോ നിശ്ചയിച്ച വിലയോ അതോറിറ്റി നിശ്ചയിക്കുന്ന അടിസ്ഥാന വിലയോ ഏതാണോ കൂടുതൽ, അതിന്മേലായിരിക്കും നികുതി ഈടാക്കുക. എല്ലാ ഉൽപന്നങ്ങളും വിപണിയിലെത്തുന്നതിന് മുമ്പായി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും പഞ്ചസാരയുടെ അളവ് സംബന്ധിച്ച കൃത്യമായ രേഖകൾ സമർപ്പിക്കുകയും വേണം.
നികുതി വിവരങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം. കുറഞ്ഞ മധുരമുള്ള പാനീയങ്ങൾ തെരഞ്ഞെടുക്കാൻ ഇത് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

