ഖിദ്ദിയ നഗരത്തിലേക്ക് സന്ദർശകരെ ആകർഷിക്കാൻ പുതിയ സംവിധാനം
text_fieldsഖിദ്ദിയ വിനോദ നഗരം
റിയാദ്: സൗദി തലസ്ഥാന നഗരത്തോട് ചേർന്നുള്ള വിനോദ നഗരമായ ‘ഖിദ്ദിയ’യിലേക്ക് സ്വദേശികളും വിദേശികളുമായ സന്ദർശകരുടെ വരവ് സുഗമമാക്കുന്നതിനും യാത്രാനുഭവങ്ങൾ മികച്ചതാക്കുന്നതിനുമായി അഞ്ച് പ്രമുഖ യാത്രാ-വിനോദസഞ്ചാര സേവന ദാതാക്കളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി ഖിദ്ദിയ സിറ്റി മാനേജ്‌മെൻറ് അറിയിച്ചു.
ടൂറിസം മേഖലയിലെ പങ്കാളിത്ത ശൃംഖല വിപുലീകരിക്കാനും സന്ദർശകരെ സ്വീകരിക്കാനുള്ള നഗരത്തിെൻറ സജ്ജത വർധിപ്പിക്കാനുമാണ് ഈ നീക്കം. അൽ ഫാരിസ് ഇൻറർനാഷനൽ ട്രാവൽ ആൻഡ് ടൂറിസം, ഡെസ്റ്റിനേഷൻ സൊല്യൂഷൻസ് ട്രാവൽ ആൻഡ് ടൂറിസം, അറബ് എയർപോർട്ട് കൊമേഴ്‌സ്യൽ സർവിസസ്, അൽ മുസാഫിർ ട്രാവൽ ആൻഡ് ടൂറിസം, ഫുർസാൻ ട്രാവൽ ആൻഡ് ടൂറിസം എന്നീ മുൻനിര കമ്പനികളുമായാണ് ഈ കരാറുകളിൽ എത്തിയത്.
ഈ സഹകരണത്തിലൂടെ യാത്ര ആസൂത്രണം ചെയ്യൽ, ടിക്കറ്റ് ബുക്കിങ്, യാത്രാക്രമീകരണങ്ങൾ, നഗരത്തിലെത്തിച്ചേരൽ മുതൽ വിനോദാനുഭവങ്ങൾ ആസ്വദിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും സംയോജിതവും കൂടുതൽ കാര്യക്ഷമവുമാക്കും. ഇതിനായി പങ്കാളിത്ത കമ്പനികളുടെ സാങ്കേതിക വൈദഗ്ധ്യവും വാണിജ്യ ശൃംഖലകളും പ്രയോജനപ്പെടുത്തും.
ആഗോള വിനോദ, കായിക, സാംസ്കാരിക കേന്ദ്രമായി ഖിദ്ദിയയെ ഉയർത്തുന്നതിനും ആഭ്യന്തര-അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ നഗരത്തിെൻറ സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ഭാവി വികസന പദ്ധതികളുടെ ഭാഗമായാണ് ഈ ധാരണാപത്രങ്ങൾ ഒപ്പുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

