ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിൽ പുതിയ ‘സെൻസറി റൂം’
text_fieldsദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിൽ തുറന്ന 'സെൻസറി റൂം'
ദമ്മാം: ഭിന്നശേഷിയുള്ള യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും സഹായമേകാൻ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ‘സെൻസറി റൂം’ തുറന്നു. സൗദി അരാംകോ, കിങ് സൽമാൻ സെന്റർ ഫോർ ഡിസെബിലിറ്റി റിസർച് എന്നിവയുടെ പങ്കാളിത്തത്തോടെ പുറപ്പെടൽ ടെർമിനലിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ, സെൻസറി പ്രശ്നങ്ങളുള്ളവർ, അല്ലെങ്കിൽ മറ്റ് വികസനപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്കായി ശാന്തവും നിയന്ത്രിതവുമായ അന്തരീക്ഷം ഒരുക്കുന്നതിന് ക്രമീകരിക്കാവുന്ന ലൈറ്റിംഗ്, ശബ്ദം, നിറം, സ്പർശന ഘടകങ്ങൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സേവനം നൽകുന്ന ഈ സൗകര്യം, പെരുമാറ്റപരവും സംവേദനാത്മകവുമായ പിന്തുണയിൽ പരിശീലനം ലഭിച്ച വിദഗ്ധ സംഘമാണ് കൈകാര്യം ചെയ്യുന്നത്.
2021-ൽ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമാനമായ സൗകര്യം ഒരുക്കിയത് വിജയകരമായതിന് പിന്നാലെയാണ് ദമ്മാമിലും ഇത് നടപ്പിലാക്കിയത്. ഈ സംരംഭത്തെ ഏറെക്കാലമായി കാത്തിരുന്ന ഒന്നായി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത രക്ഷിതാക്കൾ സ്വാഗതം ചെയ്തു. സെൻസറി മുറി പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് വലിയ സഹായകമായിരിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
'സെൻസറി റൂം' ഉദ്‌ഘാടന ചടങ്ങിൽ അമീർ സുൽത്താൻ ബിൻ സൽമാൻ
സൗദി അറേബ്യയുടെ മാനുഷിക പ്രതിബദ്ധതയുടെ മാതൃകയാണിതെന്ന് പുതിയ സൗകര്യം ഉദ്ഘാടനം ചെയ്ത അമീർ സുൽത്താൻ ബിൻ സൽമാൻ പ്രശംസിച്ചു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ സൗകര്യം ഉടൻ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘വ്യക്തികളെ ശാക്തീകരിക്കാനും പൊതു സൗകര്യങ്ങൾ എല്ലാവർക്കും തുല്യമായി ലഭ്യമാക്കാനും രാജ്യം പ്രത്യേക പദ്ധതികളിൽ നിക്ഷേപം തുടരുകയാണ്’ -അദ്ദേഹം പറഞ്ഞു.
സൗദി അരാംകോ ഹ്യൂമൻ റിസോഴ്‌സ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് നബീൽ അൽജാമ ചടങ്ങിൽ സംബന്ധിച്ചു. സെൻസറി റൂമിന് പുറമെ, 500 മില്യൺ സൗദി റിയാലിന്റെ വികസന കരാറുകളും സുസ്ഥിരത, മാലിന്യം പുനഃചംക്രമണം, ഭിന്നശേഷിയുള്ളവരുടെ പരിശീലനം, ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് തന്ത്രപരമായ കരാറുകളും ദമ്മാം എയർപോർട്ട്സ് കമ്പനി (ഡാകോ) പ്രഖ്യാപിച്ചു. ഈ കരാറുകൾ വിഷൻ 2030ന്റെ ലക്ഷ്യങ്ങളായ ജീവിതനിലവാരം, സാമൂഹിക ഇടപെടൽ, പാരിസ്ഥിതിക സംരക്ഷണം എന്നിവയെ ശക്തിപ്പെടുത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

