ക്രൂയിസ് കപ്പലുകൾക്കായി പുതിയ നിയമാവലി
text_fieldsവിനോദ സഞ്ചാര കപ്പൽ
റിയാദ്: ക്രൂയിസ് കപ്പൽ (ആഡംബര കപ്പൽ യാത്ര) വ്യവസായത്തിനായി രാജ്യത്ത് പുതിയ നിയമാവലി രൂപവത്കരിച്ചു. രാജ്യത്ത് വളർന്നുവരുന്ന ക്രൂയിസ് ടൂറിസം മേഖലയുടെ സുസ്ഥിര വളർച്ചയും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. സൗദി റെഡ് സീ അതോറിറ്റിയാണ് ‘സൗദി ക്രൂയിസ് റെഗുലേഷൻസ്’എന്ന പേരിൽ നിയമവ്യവസ്ഥ രൂപവത്കരിച്ചത്.
നിലവിൽ പൊതുവായ സമുദ്ര, ടൂറിസം നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിയിലെ ക്രൂയിസ് മേഖല പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്രൂയിസ് കപ്പലുകൾക്കായി പ്രത്യേക നിയമം കൊണ്ടുവന്നത്. രാജ്യത്തെ ആഗോള സമുദ്ര സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ഷിപ്പ് ഓപ്പറേറ്റർമാർ, ഷിപ്പിങ് ഏജൻറുമാർ, പോർട്ട് അതോറിറ്റികൾ എന്നിവരുടെ ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കുന്നതാണ് പുതിയ നിയമം. ലൈസൻസുകൾ, സേവനങ്ങൾക്കുള്ള പ്രത്യേക അനുമതി എന്നിവ ലളിതമാക്കാനും സാങ്കേതികവും പ്രവർത്തനപരവുമായ ആവശ്യകത ഏകീകരിക്കാനും പുതിയ നിയമം സഹായിക്കും.
ആഗോള സുരക്ഷാ മാനദണ്ഡം പാലിച്ചുകൊണ്ടുള്ള പരിശീലനം, അപകടങ്ങളിൽ പ്രതികരിക്കാനുള്ള പദ്ധതികൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ, സുരക്ഷാ ഉപകരണങ്ങൾ, മെഡിക്കൽ ജീവനക്കാരുടെ ലഭ്യത എന്നിവയും നിയമത്തിൽ ഉൾപ്പെടുന്നു.
പുതിയ ചട്ടങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നുണ്ട്. മാലിന്യ ശേഖരണവും കൈകാര്യം ചെയ്യലും, ഉപയോഗിച്ച വെള്ളത്തിന്റെ സംസ്കരണം, ജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവയുടെ നിയന്ത്രണം, അന്താരാഷ്ട്ര കരാറുകൾ പാലിക്കൽ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്തുക, ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുക, പ്രകൃതി സംരക്ഷിക്കുക, മേഖലയിലെ നിക്ഷേപങ്ങൾ വർധിപ്പിക്കുക എന്നിവയെല്ലാം പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

