വീടുകളിലേക്കും കടകളിലേക്കും പാചകവാതക വിതരണത്തിന് പുതിയ വ്യവസ്ഥകൾ
text_fieldsറിയാദ്: പാർപ്പിട, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിതരണത്തിലെ നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും തെളിയിക്കുന്നതിനും അന്വേഷിക്കുന്നതിനുമുള്ള വ്യവസ്ഥകൾ പരിഷ്കരിച്ചു. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ മൂന്നു മാർഗങ്ങളാണുളളത്.
പരിശോധനാ സന്ദർശനങ്ങൾ, ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യൽ, ലൈസൻസ് ഉടമയോട് മന്ത്രാലയം ഇടയ്ക്കിടെ രേഖകൾ ആവശ്യപ്പെടൽ എന്നിവയാണവ. ചെറിയ ലംഘനങ്ങൾക്ക് 90 ദിവസത്തെ തിരുത്തൽ കാലയളവ് ലഭ്യമാണെന്നും വ്യവസ്ഥയിലുണ്ട്.
മൂന്നു സംവിധാനങ്ങളിലൂടെ ലംഘനങ്ങൾ തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഫീൽഡിൽ അന്വേഷണം നടത്തി നിയമലംഘനം കണ്ടെത്തണം. ലംഘനം നടന്നതും തെളിവുകളുടെ പര്യാപ്തതയും എൻഫോഴ്സ്മെന്റ് ഓഫീസർ പരിശോധിക്കണം. ആവശ്യമായ ഫോട്ടോഗ്രാഫുകളും രേഖകളും ഉൾപ്പെടെ ലംഘനം തെളിയിക്കുന്നതിനുള്ള എല്ലാ ആവശ്യകതകളും പൂർത്തിയാക്കിയ ശേഷം ലംഘനങ്ങൾ പരിശോധിക്കുന്നതിന് ഉത്തരവാദിത്തമുള്ള കമ്മിറ്റിയുടെ സെക്രട്ടറിയറ്റിലേക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ലംഘന ഫയൽ റഫർ ചെയ്യണം എന്നിവയാണവ.
ഏതെങ്കിലും ചട്ട ലംഘനം കണ്ടെത്തിയാൽ എൻഫോഴ്സ്മെന്റ് ഓഫീസർ സീരിയൽ നമ്പർ, അതിന്റെ എല്ലാ പേജുകളുടെയും നമ്പറിങ്, റിപ്പോർട്ട് തയ്യാറാക്കിയ സ്ഥലം, ദിവസം, തീയതി, മണിക്കൂർ, ലംഘനത്തിന്റെ തരവും അത് സംഭവിച്ച സ്ഥലവും, ലംഘനത്തിന്റെ വിശദമായ വിവരണം, അത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉൾപ്പെടുത്തി വിശദമായ ഒരു റിപ്പോർട്ട് തയാറാക്കണം.
ലംഘനത്തെക്കുറിച്ച് പ്രതിക്ക് മുന്നറിയിപ്പ് നൽകുകയും റിപ്പോർട്ട് തയ്യാറാക്കുകയും വേണം. മുന്നറിയിപ്പ് നൽകിയ തീയതി മുതൽ 90 ദിവസത്തിൽ കൂടാത്ത ചെറിയ ലംഘനങ്ങൾക്ക് തിരുത്തൽ കാലയളവ് നൽകും.
ഗുരുതരമായ ലംഘനങ്ങൾ ഉണ്ടായാൽ യോഗ്യതയുള്ള ഉദ്യോഗസ്ഥർ ലംഘനത്തെക്കുറിച്ച് പ്രതിക്ക് മുന്നറിയിപ്പോ അല്ലെങ്കിൽ തിരുത്തൽ കാലയളവോ നൽകില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി തീരുമാനം പുറപ്പെടുവിക്കുന്നതിന് മുമ്പ് ഫയൽ നേരിട്ട് കമ്മിറ്റിയുടെ സെക്രട്ടറിയേറ്റിലേക്ക് സമർപ്പിക്കണം എന്നിവയും വ്യവസ്ഥയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.