ഭൗമ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും പഠനത്തിനും പുതിയ പദ്ധതി ഒരുങ്ങുന്നു
text_fieldsസൗദിയിൽ ഭൗമ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും പഠനത്തിനും വേണ്ടിയുള്ള ഗവേഷണ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ
യാംബു: സൗദിയിൽ ഭൗമ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനും അവയുടെ സമഗ്രമായ പഠനത്തിനും പ്രത്യേക പദ്ധതി ഒരുങ്ങുന്നു. നാഷനൽ സെന്റർ ഫോർ വൈൽഡ്ലൈഫിന്റെ (എൻ.സി.ഡബ്ള്യു) ആഭിമുഖ്യത്തിൽ സൗദിയിലെ ജൈവവൈവിധ്യത്തെ രേഖപ്പെടുത്തുന്നതിനായി സമഗ്ര ഗവേഷണ സംരംഭമായ 'ഡെക്കേഡ് ലാൻഡ് എക്സ്പെഡിഷൻ ഫോർ ടെറസ്ട്രിയൽ ഇക്കോസിസ്റ്റം എക്സ്പ്ലോറേഷൻ' ആണ് രാജ്യത്ത് തുടക്കം കുറിക്കുന്നത്. രാജ്യത്ത് വംശ ഭീഷണികൾ നേരിടുന്ന ജീവികളെ തിരിച്ചറിയുകയും അവയുടെ ആവാസ വ്യവസ്ഥക്ക് വേണ്ട മുന്നൊരുക്കങ്ങൾ വികസിപ്പിക്കുകയും ചെയ്യുക എന്നത് പദ്ധതിയുടെ മുഖ്യ ലക്ഷ്യമാണ്.
സൗദിയിൽ ഭൗമ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും പഠനത്തിനും വേണ്ടിയുള്ള ഗവേഷണ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ
രാജ്യത്തെ ദേശീയ തണ്ണീർത്തട ഇടങ്ങൾ അപ്ഡേറ്റ് ചെയ്യാനും പുതിയ പദ്ധതി വഴിവെക്കും. ദേശീയ സർവകലാശാലകൾ, റോയൽ റിസർവുകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയിൽ നിന്നുള്ള വിദഗ്ധരെ സഹകരിപ്പിച്ച് കൊണ്ടാണ് എല്ലാ ഭൗമ ആവാസ വ്യവസ്ഥകളിലും വിപുലമായ ഫീൽഡ് സർവേകൾ നടത്തുന്നത്.
സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്, വിഷൻ 2030 എന്നിവയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാനും ജീവികളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഒരു ആണിക്കല്ലാണ് ഈ പര്യവേഷണമെന്ന് എൻ.സി.ഡബ്ല്യു സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ വിശേഷിപ്പിച്ചു. രാജ്യത്തിന് 65 ആവാസവ്യവസ്ഥകളും 12,000 ത്തിലധികം ഇനം കാട്ടുചെടികളും വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ഇനങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും രാജ്യത്തിന് കര, സമുദ്ര ആവാസവ്യവസ്ഥകളുടെ ഒരു സവിശേഷ ഡാറ്റാബേസ് ഉണ്ടായിരിക്കുമെന്നും ഇത് ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിശ്വസനീയമായ ഒരു റഫറൻസുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പര്യവേഷണം വഴി ഒരു കേന്ദ്രീകൃത ദേശീയ ഡാറ്റാബേസ് ഉണ്ടാക്കുകയും അവയിൽ രേഖപ്പെടുത്തിയ എല്ലാ ജീവിവർഗങ്ങളെയും പാരിസ്ഥിതിക സ്ഥലങ്ങളെയും പട്ടികപ്പെടുത്തുന്ന സംവേദനാത്മക ഡിജിറ്റൽ മാപ്പുകൾ നിർമ്മിക്കുകയും ചെയ്യും. 2022 ലെ ചെങ്കടൽ പര്യവേഷണം, അറേബ്യൻ ഗൾഫിലെ പര്യവേഷണ പരിപാടികൾ എന്നിവ പോലുള്ള എൻ.സി.ഡബ്ല്യുവിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ കാലങ്ങളിൽ പൂർത്തിയാക്കിയ ഗവേഷണ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.
രാജ്യത്തിന്റെ സമുദ്ര ജൈവവൈവിധ്യത്തെ നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ പദ്ധതി കൂടി പൂർത്തിയാകുന്നതോടെ അറേബ്യൻ മേഖലയിലെ ഏറ്റവും സമഗ്രവും സംയോജിതവുമായ ജൈവവൈവിധ്യ ഡാറ്റാബേസുകളിൽ ഒന്നായിരിക്കും സൗദി അറേബ്യക്ക് സ്വന്തമാകുക. സുസ്ഥിര പരിസ്ഥിതി മാനേജ്മെന്റിനായി പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്കും നയരൂപകർത്താക്കൾക്കും ഇത് ഒരു നിർണായക ഉറവിടമായി വർത്തിക്കും. രാജ്യത്തിന്റെ പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക വികസനത്തെ ഗുണപരമായി സ്വാധീനിക്കുകയും അതുവഴി ജീവിത നിലവാരം ഉയർത്തുകയും ചെയ്യുമെന്നും വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

