സൗദിയിൽ പുതിയ പെട്രോൾ, ‘98 ഒക്ടേൻ’ ഈ മാസം വിപണിയിലേക്ക്
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിവിധതരം വാഹനങ്ങളുടെ എൻജിൻ ശേഷിക്കും പ്രവർത്തനമികവിനും അനുയോജ്യമായ രീതിയിൽ മൂന്ന് തരം പെട്രോളുകൾ ഇനി മുതൽ ഇന്ധന സ്റ്റേഷനുകളിൽ ലഭ്യമാകും. നിലവിലുള്ള 91, 95 ഒക്ടേൻ പെട്രോളുകൾക്ക് പുറമെ, പുതുതായി ‘98 ഒക്ടേൻ’ പെട്രോൾ കൂടി ജനുവരി മുതൽ വിതരണത്തിനെത്തും. വാഹനങ്ങളുടെ വൈവിധ്യമാർന്ന എൻജിൻ സാങ്കേതികവിദ്യകളും പ്രകടന ആവശ്യകതകളും പരിഗണിച്ചാണ് ഉപഭോക്താക്കൾക്കായി കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കുന്നത്.
കുറഞ്ഞതോ ഇടത്തരമോ ആയ മർദത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം സാധാരണ എൻജിനുകൾക്കും അനുയോജ്യമായ ഇന്ധനമാണ് പെട്രോൾ 91. മികച്ച പ്രവർത്തനക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചെലവും ഇത് ഉറപ്പാക്കുന്നു. പെട്രോൾ 95 ഇടത്തരം മുതൽ ഉയർന്ന മർദത്തിൽ പ്രവർത്തിക്കുന്ന എൻജിനുകൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പെട്രോൾ 98 അതിവേഗ സ്പോർട്സ് കാറുകൾ പോലെയുള്ള ഉയർന്ന ആഭ്യന്തര മർദത്തിൽ പ്രവർത്തിക്കുന്ന എൻജിനുകൾ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്. എൻജിനുള്ളിൽ ഇന്ധനം വെറുതെ ജ്വലിക്കുന്നത് ഒഴിവാക്കാൻ ഇത്തരം കരുത്തുറ്റ എൻജിനുകൾക്ക് ഉയർന്ന ഒക്ടേൻ നിരക്കുള്ള ഇന്ധനം അത്യാവശ്യമാണ്.
നിലവിലുള്ള ഇന്ധനങ്ങളുടെ വിതരണത്തെ ബാധിക്കാത്ത രീതിയിലാണ് പുതിയ 98 ഒക്ടേൻ പെട്രോൾ വിപണിയിലെത്തിക്കുന്നത്. രാജ്യത്തെ ആകെ വാഹനങ്ങളിൽ ഏകദേശം 0.5 ശതമാനം മാത്രമാണ് ഉയർന്ന ഒക്ടേൻ ഇന്ധനം ആവശ്യമുള്ള സ്പോർട്സ്/ഹൈ-പെർഫോമൻസ് വാഹനങ്ങൾ. ആദ്യഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലുമായിരിക്കും 98 ഒക്ടേൻ പെട്രോൾ ലഭ്യമാകുക. ഈ നഗരങ്ങളിലാണ് ഇത്തരം വാഹനങ്ങൾ കൂടുതലായുള്ളത് എന്നത് പരിഗണിച്ചാണ് ഈ തീരുമാനം.
മൂന്ന് തരം പെട്രോളുകളിൽ ഏതാണ് മറ്റുള്ളതിനേക്കാൾ മികച്ചതാണെന്ന് പറയാനാകില്ല. പകരം, ഓരോ വാഹനത്തിനും നിർമാതാക്കൾ നിർദേശിച്ചിട്ടുള്ള ഇന്ധനം ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. തങ്ങളുടെ വാഹനത്തിന് ഏത് തരം പെട്രോളാണ് വേണ്ടതെന്ന് തിരിച്ചറിയാൻ വാഹനത്തിന്റെ യൂസർ മാനുവൽ പരിശോധിക്കുകയോ ലോക്കൽ ഡീലറുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

