സൗദിയിലെ ഹൈവേകൾക്ക് പുതിയ നമ്പർ സംവിധാനം; യാത്രാനുഭവം മെച്ചപ്പെടുത്തും
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഹൈവേകളുടെ നമ്പർ സംവിധാനത്തിൽ വ്യക്തത വരുത്തി ജനറൽ അതോറിറ്റി ഓഫ് റോഡ്‌സ്. റോഡുകളെ കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള 'കുറുകെയുള്ള' റോഡുകൾ എന്നും വടക്ക്-തെക്ക് ദിശയിലുള്ള 'തിരശ്ചീന' റോഡുകൾ എന്നും വർഗ്ഗീകരിക്കുന്ന അംഗീകൃത വിഭജനത്തെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ രീതി. റോഡ് ആസൂത്രണം, ദിശ നിർണ്ണയം, നഗരങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ, യാത്രാ സുരക്ഷ ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കരണം. റോഡുകളുടെ ദിശ, ആരംഭ, അവസാന പോയിന്റുകൾ എന്നിവ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും നമ്പറുകളും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള റോഡുകൾ 'കുറുകെയുള്ള റോഡുകൾ' എന്നറിയപ്പെടും. ഇവയുടെ നമ്പറുകൾ 10-ൽ നിന്ന് തുടങ്ങി 80 വരെ പത്തിന്റെ ഗുണിതങ്ങളായി വേർതിരിച്ചിരിക്കുന്നു. ദർബ് ഗവർണറേറ്റ് മുതൽ യു.എ.ഇയുമായുള്ള ബത്ഹ അതിർത്തി ക്രോസിംഗ് വരെ റോഡ് നമ്പർ 10 ആയിരിക്കും.
ജിദ്ദ മുതൽ ദമ്മാം വരെ റോഡിന് നമ്പർ 40 നൽകിയിരിക്കുന്നു. ദുബ ഗവർണറേറ്റ് മുതൽ പുതിയ അറാർ വരെ റോഡ് നമ്പർ 80 എന്നിങ്ങനെയാണ് 'കുറുകെയുള്ള' റോഡുകളുടെ നമ്പറുകൾ. കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള റോഡുകൾ രാജ്യത്തിന്റെ വടക്ക് നിന്ന് തെക്കോട്ടാണ് വ്യാപിച്ചു കിടക്കുന്നത്. ഇവക്ക് 'തിരശ്ചീന റോഡുകൾ' എന്നാണ് പേര്. ഇവയുടെ നമ്പറുകൾ അഞ്ചിൽ നിന്ന് ആരംഭിച്ച് 95 വരെ അഞ്ചിന്റെ ഗുണിതങ്ങളായി വേർതിരിച്ചിരിക്കുന്നു. ജിസാൻ മുതൽ ഹഖ്ൽ വരെ റോഡ് നമ്പർ അഞ്ച്, ഷറൂറ ഗവർണറേറ്റ് മുതൽ തബൂക്ക് വരെ റോഡ് നമ്പർ 15, അൽഖോബാർ മുതൽ ഖഫ്ജി വരെ റോഡ് നമ്പർ 95 എന്നിങ്ങനെയാണ് ഇവയുടെ നമ്പറുകൾ.
ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കാനും റോഡ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. സുരക്ഷ, ഗുണമേന്മ, ഗതാഗതക്കുരുക്ക് ലഘൂകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റോഡ്‌സ് സെക്ടർ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും അതോറിറ്റി ശ്രമിക്കുന്നു. 2030-ഓടെ രാജ്യത്തിന്റെ റോഡ് ഗുണമേന്മ സൂചിക ആഗോളതലത്തിൽ ആറാം സ്ഥാനത്തേക്ക് ഉയർത്താനും, ഒരു ലക്ഷം ആളുകൾക്കിടയിലെ മരണനിരക്ക് അഞ്ച് കേസുകളിൽ താഴെയായി കുറയ്ക്കാനും അതോറിറ്റി ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

