ടൂറിസം സേവനം മെച്ചപ്പെടുത്താൻ മക്കയിലും മദീനയിലും പുതിയ മന്ത്രാലയ ഓഫിസുകൾ
text_fieldsമക്ക: ടൂറിസം സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി മക്ക, മദീന മേഖലകളിൽ ടൂറിസം മന്ത്രാലയം പുതിയ ഓഫിസുകൾ തുറന്നു. ടൂറിസം മേഖലയിലെ പരിശോധനകൾ, നിയമപരമായ പാലനം ഉറപ്പാക്കൽ, നിക്ഷേപകർക്ക് പിന്തുണ നൽകൽ, സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കൽ എന്നിവയുടെ മേൽനോട്ടം പുതിയ ഓഫിസുകൾ വഹിക്കുമെന്ന് മന്ത്രാലയം വക്താവ് മുഹമ്മദ് അൽ റസാസിമ അറിയിച്ചു.
തീർഥാടകർക്കും സന്ദർശകർക്കും വേണ്ടിയുള്ള ടൂറിസം സേവനങ്ങൾ കൂടുതൽ ഏകോപിതമായി കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദീന മേഖലയിലെ പ്രധാന സാമ്പത്തിക മേഖലയാണ് ടൂറിസമെന്ന് സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025-ലെ ആദ്യ പാദത്തിൽ മേഖലയിലെ മൊത്തം തൊഴിലാളികളിൽ 11 ശതമാനം പേർക്കും ഈ മേഖലയിൽ തൊഴിൽ ലഭിച്ചിട്ടുണ്ട്.
മദീന ചേംബർ ഓഫ് കൊമേഴ്‌സിന്റെ സെക്ടറൽ റിപ്പോർട്ടിൽ, കഴിഞ്ഞ പാദത്തിൽ (2024-ന്റെ അവസാന പാദം) രാജ്യത്തെ ഏറ്റവും ഉയർന്ന ഹോട്ടൽ താമസ നിരക്ക് മദീനയിൽ രേഖപ്പെടുത്തിയതായി പറയുന്നു. ഇത് ഹോസ്പിറ്റാലിറ്റി മേഖലയിലെ ശക്തമായ പ്രകടനത്തിന് തെളിവാണ്. സർവ്വീസ് അപ്പാർട്ടുമെൻ്റുകളിലെ താമസ നിരക്ക് 48.7 ശതമാനമായിരുന്നു.
സന്ദർശകർ ഏകദേശം നാല് രാത്രികൾ മദീനയിൽ ചെലവഴിക്കുന്നുണ്ട്. ഇതോടെ, ശരാശരി താമസ ദൈർഘ്യത്തിൽ മക്കക്ക് ശേഷം രണ്ടാംസ്ഥാനത്താണ് മദീന. ഈ പുരോഗതി വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന, സുസ്ഥിരമായ സാമ്പത്തിക മേഖലകളായി ടൂറിസത്തെയും ഹോസ്പിറ്റാലിറ്റിയെയും വികസിപ്പിക്കുക എന്ന വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

