മക്കയിൽ പുതിയ മെട്രോ പദ്ധതി നിലവിൽവരുന്നു
text_fieldsമക്ക: വിശുദ്ധ നഗരിയായ മക്കയിൽ തീർഥാടക ലക്ഷങ്ങൾക്ക് ആശ്വാസമാകുന്ന ബൃഹത്തായ മെട്രോ പദ്ധതി നിലവിൽവരുന്നു. തീർഥാടകരുടെയും സന്ദർശകരുടെയും ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം 800 കോടി റിയാൽ ചെലവിൽ മക്ക റോയൽ കമീഷന്റെ നേതൃത്വത്തിലാണ് പദ്ധതി നിലവിൽവരുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി കരാറുകാരുടെ ആദ്യ യോഗം ഈ മാസം 21ന് ചേരും. മക്കയുടെ എല്ലാ പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിലയിലായിരിക്കും മെട്രോ പദ്ധതി.
നാല് പ്രധാന ലൈനുകളിലായി 89 സ്റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുക. മൂന്നു ഘട്ടങ്ങളായി പൂർത്തിയാക്കുന്ന പദ്ധതിയുടെ ഭൂരിഭാഗം ലൈനുകളും തുരങ്കങ്ങളിലൂടെയാകും കടന്നുപോവുക. പുതിയ മെട്രോ വരുന്നതോടെ ഓരോ വർഷവും ഹജ്ജ്, ഉംറ കർമങ്ങൾക്കായി മക്കയിലെത്തുന്ന ദശലക്ഷക്കണക്കിന് തീർഥാടകർക്ക് ഹറമിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കുമുള്ള യാത്ര കൂടുതൽ വേഗത്തിലും എളുപ്പത്തിലും സാധ്യമാകും. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. മക്ക ബസ് സർവിസുകളെയും ഹറമൈൻ എക്സ്പ്രസ്സ് ട്രെയിൻ ശൃംഖലയെയും പുതിയ മെട്രോയുമായി ബന്ധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

