Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിജിയിൽ നിന്നുള്ള സയാമീസ് ഇരട്ടകൾക്ക് പുതുജീവിതം; നൂറയും സാറയും വേർപിരിഞ്ഞു

text_fields
bookmark_border
ഫിജിയിൽ നിന്നുള്ള സയാമീസ് ഇരട്ടകൾക്ക് പുതുജീവിതം; നൂറയും സാറയും വേർപിരിഞ്ഞു
cancel

റിയാദ്: പ്രതീക്ഷയുടെ മുൾമുനയിൽ പ്രാർഥനകൾക്കും ആകാംക്ഷകൾക്കുമൊടുവിൽ ഫിജിയിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ ‘നൂറയുടെയും സാറയുടെയും’ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ജനനം മുതൽ ഒരേ ശരീരമായി ജീവിച്ചിരുന്ന ഈ ഇരട്ടകളെ നേരത്തെ ‘ജാസ്ബെല്ല’, ‘ഡെസിസിയ’ എന്നീ പേരുകളിലാണ് ലോകം അറിഞ്ഞിരുന്നത്. സൗദി അറേബ്യയുടെ സയാമീസ് ഇരട്ട ശസ്ത്രക്രിയാ പദ്ധതിയിലൂടെ ഇരുവരും പുതിയ ജീവിതത്തിലേക്ക് കണ്ണുതുറന്നിരിക്കുകയാണ്.

മണിക്കൂറുകൾ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് നൂറയെയും സാറയെയും വേർപെടുത്തിയത്. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് സർജറി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരടക്കം 34 കൺസൾട്ടന്റുമാരും സാങ്കേതിക, നഴ്സിങ് ജീവനക്കാരും മറ്റ് അനുബന്ധ മെഡിക്കൽ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ശസ്ത്രക്രിയയിൽ പങ്കെടുത്തു.

സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം 2026 ജൂലൈ 21നാണ് 13 മാസം പ്രായമുള്ള ജാസ്ബെല്ലയെയും ഡെസിസിയയെയും സൗദി അറേബ്യയിലെത്തിച്ചത്. സൗദിയിൽനിന്ന് ലഭിച്ച സ്നേഹത്തിനും പരിചരണത്തിനുമുള്ള ആദരസൂചകമായാണ് ശസ്ത്രക്രിയക്ക് മുമ്പ് മാതാപിതാക്കൾ കുട്ടികൾക്ക് പുതിയ പേരുകൾ നൽകിയത്.

ഇത് വെറുമൊരു പേരുമാറ്റമായിരുന്നില്ല. തങ്ങളുടെ കുട്ടികൾക്ക് വ്യത്യസ്തമായൊരു ഭാവി സമ്മാനിക്കാനുള്ള പ്രതീക്ഷയുമായി ആയിരക്കണക്കിന് മൈലുകൾ താണ്ടിയെത്തിയ കുടുംബത്തിന്റെ നന്ദിപ്രകടനം കൂടിയായിരുന്നു ഈ തീരുമാനം. മെഡിക്കൽ-ശസ്ത്രക്രിയാ സംഘത്തിന്റെ തലവനായ ഡോ. അബ്ദുല്ല അൽ റബീഅയോട് കുട്ടികൾക്ക് പുതിയ പേരുകൾ നിർദേശിക്കണമെന്ന് മാതാപിതാക്കൾ അഭ്യർഥിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഇരട്ടകൾക്ക് നൂറ, സാറ എന്നീ പേരുകൾ തിരഞ്ഞെടുത്തത്.

ഫിജിയിൽനിന്നുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയാണിത്. സൗദി അറേബ്യയുടെ സയാമീസ് ഇരട്ട ശസ്ത്രക്രിയാ പദ്ധതിയുടെ ഭാഗമായാണ് ഈ സങ്കീർണമായ ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Life for Conjoined Twins from Fiji; Noora and Sara Separated
Next Story