ടൂറിസം മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ പുതിയ നിയമങ്ങൾ
text_fieldsജിദ്ദ: സൗദി ടൂറിസം മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ പുതിയ നിയമങ്ങളും നയങ്ങളും അംഗീകരിച്ച് ടൂറിസം മന്ത്രി അഹമ്മദ് അൽഖതീബ്. രാജ്യത്തെ ലൈസൻസുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങളിലും തൊഴിലാളികളെ രജിസ്റ്റർ ചെയ്യുന്നതിനും പ്രാദേശികവൽക്കരണം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾ നൽകാനും ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ നിയമപ്രകാരം, എല്ലാ ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും പ്രവൃത്തി സമയങ്ങളിൽ ഒരു സൗദി റിസപ്ഷനിസ്റ്റിന്റെ സാന്നിധ്യം നിർബന്ധമാണ്. സൗദിയുടെ ആഴത്തിൽ വേരൂന്നിയ ആതിഥ്യമര്യാദയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് ഈ നടപടി. നിയമപരവും കരാറടിസ്ഥാനത്തിലുള്ളതുമായ എല്ലാ തൊഴിൽ കരാറുകളും (കരാർ, സെക്കൻഡഡ്, സീസണൽ ഉൾപ്പെടെ) അജീർ പ്ലാറ്റ്‌ഫോം വഴിയോ മറ്റ് അംഗീകൃത പ്ലാറ്റ്‌ഫോമുകൾ വഴിയോ രേഖപ്പെടുത്തണം. ഒന്നിലധികം ലൈസൻസുള്ള ശാഖകളുള്ള സ്ഥാപനങ്ങൾ, ഓരോ ടൂറിസം ലൈസൻസുമായി ബന്ധിപ്പിച്ച ഫയലിന് കീഴിൽ ജീവനക്കാരെ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
സ്വദേശിവൽക്കരണ നിയമങ്ങൾ ബാധകമായ തസ്തികകളിൽ രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കോ തൊഴിലാളികൾക്കോ ഔട്ട്‌സോഴ്‌സിംഗ് നൽകുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. അത്തരം ജോലികൾ ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള സ്ഥാപനങ്ങൾക്കോ, അല്ലെങ്കിൽ സൗദി പൗരന്മാരെ നിയമിക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ലൈസൻസ് നൽകിയിട്ടുള്ള സ്ഥാപനങ്ങൾക്കോ മാത്രമേ നൽകാൻ പാടുള്ളൂ.
ടൂറിസം മന്ത്രാലയം ലൈസൻസ് നൽകിയിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമങ്ങൾ ബാധകമാണ്. കൂടാതെ, എല്ലാ ജീവനക്കാരെയും ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സിസ്റ്റങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർബന്ധമാക്കിയിട്ടുണ്ട്. ഈ നയങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും നിയമലംഘകർക്കെതിരെ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

