സൗദിയിൽ പുതിയ തൊഴിൽ രീതി വരുന്നു; വേതനം മണിക്കൂർ വ്യവസ്ഥയിൽ
text_fieldsജിദ്ദ: സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമൊരുക്കാനും അവരുടെ വരുമാനം കൂട്ടാനും സൗദിയിൽ പുതിയ തൊഴിൽ രീതി വരുന്നു. വേതനം മണിക്കൂർ വ്യവസ്ഥയിലാക്കുന്ന ‘ഫ്ലക്സിബിൾ വർക്ക്’ എന്ന പുതിയ തൊഴിൽ രീതി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു.
സ്വകാര്യ മേഖലയിൽ സ്വദേശികളും തൊഴിലന്വേഷകരുമായ പുരുഷന്മാരും സ്ത്രീകളുമായവരെ ലക്ഷ്യമിട്ടാണ് ഇത് ആരംഭിച്ചിരിക്കുന്നത്. ജോലിക്ക് മണിക്കൂർ വ്യവസ്ഥയിൽ വേതനം നൽകുന്നതിലൂടെ സ്വദേശികളായ തൊഴിലന്വേഷകർക്ക് സാഹചര്യങ്ങൾക്ക് അനുയോജ്യമായ കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്താനും വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
തൊഴിലുടമയുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാനവ വിഭവശേഷി മന്ത്രാലയം സംരക്ഷിക്കും. സ്വകാര്യമേഖലക്ക് അടിയന്തരവും താൽകാലികവും സീസണലായും സ്വദേശി തൊഴിലാളികളെ ലഭ്യമാക്കാൻ കൂടിയാണ് ഇങ്ങനെയൊരു സംവിധാനം ആരംഭിച്ചിരിക്കുന്നത്. തൊഴിലന്വേഷകർക്ക് പുതിയ ജോലികൾ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
സൗകര്യപ്രദമായ ജോലി കണ്ടെത്താനുള്ള സാധ്യതകൾ വർധിക്കും. ക്രമേണ സ്ഥിരം ജോലിക്കാരനാക്കാൻ പ്രാപ്തരാക്കും. കഴിവുകളും വൈദഗ്ധ്യവും വർധിപ്പിക്കും. നിയമലംഘകരായ വിദേശ തൊഴിലാളികളൂടെ അനുപാതം കുറക്കാൻ സഹായിക്കും. 90 ദിവസത്തിനകം ഇതിനായുള്ള പോർട്ടൽ ആരംഭിക്കും. നിലവിലെ പ്രതിസന്ധിയെ മറികടന്ന് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ സഹായിക്കാൻ പുതിയ തൊഴിൽ രീതി സഹായമാകുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽരാജിഹി പറഞ്ഞു.
വിഷൻ 2030 ലക്ഷ്യമിട്ട് കൂടിയാണിത്. തൊഴിലില്ലായ്മ കുറക്കാനും ഇതുപകരിക്കും. സ്വദേശികൾക്ക് സ്വകാര്യ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ മന്ത്രാലയം നേരത്തെ പല പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. അതിനോട് ചേർത്തുവെക്കാൻ കഴിയുന്നതാണിതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
