ജനവിധിയിൽ തെളിയുന്നത് പുതിയ പ്രതീക്ഷകൾ
text_fieldsസുരേഷ് ശങ്കർ
ജനറൽ സെക്രട്ടറി
റിയാദ് ഒ.ഐ.സി.സി
കേരളത്തിെൻറ രാഷ്ട്രീയ ഭൂപടത്തിൽ വലിയൊരു മാറ്റത്തിെൻറ അലയൊലികൾ സൃഷ്ടിച്ചുകൊണ്ടാണ് യു.ഡി.എഫ് സഖ്യം അധികരത്തിലേറുന്നത്. ഇത് വെറുമൊരു തെരഞ്ഞെടുപ്പ് വിജയമല്ല, മറിച്ച് പത്തു വർഷത്തെ ഭരണവിരുദ്ധ വികാരത്തിന് ജനങ്ങൾ നൽകിയ ശക്തമായ മറുപടിയാണ്. പ്രഗത്ഭരായ മന്ത്രിമാർ പോലും അപ്രസക്തരായ ഈ ജനവിധി, കേരളത്തിലെ എല്ലാ ജില്ലകളിലും യു.ഡി.എഫിെൻറ ജൈത്രയാത്ര ഉറപ്പാക്കി. ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്ന മുദ്രാവാക്യം അന്വർത്ഥമായതിെൻറ ആവേശം കേരളത്തിൽ മാത്രമല്ല, പ്രവാസലോകത്തും ആഹ്ലാദപ്രകടനങ്ങളായി നിറഞ്ഞുനിൽക്കുകയാണ്.
ജനക്ഷേമത്തിനും സാമൂഹികനീതിക്കും മുൻഗണന നൽകുന്ന ഒരു ഭരണക്രമമാണ് പുതിയ സർക്കാർ വിഭാവനം ചെയ്യുന്നത്. പാവപ്പെട്ടവെൻറയും സാധാരണക്കാരെൻറയും പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള വിപ്ലവാത്മകമായ വാഗ്ദാനങ്ങളാണ് യു.ഡി.എഫിനെ ജനങ്ങളിലേക്ക് അടുപ്പിച്ചത്. ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർദ്ധിപ്പിക്കുന്നത് മുതൽ, ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ‘ന്യായ്’ പദ്ധതിയിലൂടെ മാസന്തോറും 6,000 രൂപ നൽകുന്നതുവരെയുള്ള പ്രഖ്യാപനങ്ങൾ വലിയൊരു മാറ്റത്തിന് വഴിയൊരുക്കും. കൂടാതെ, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതും പിന്നാക്ക വിഭാഗങ്ങൾക്ക് ആശ്വാസമാകും.
തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ദൗത്യം സർക്കാർ മുഖ്യലക്ഷ്യമായി ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തെ ഒരു നവീന തൊഴിൽ കേന്ദ്രമാക്കാൻ വിദ്യാർഥികൾക്കും സംരംഭകർക്കും വലിയ പിന്തുണയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോളജ് വിദ്യാർഥിനികൾക്ക് മാസത്തിൽ 1,000 രൂപ ധനസഹായം, യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ തുടങ്ങിയവ ഇതിെൻറ ഭാഗമാണ്. വ്യവസായ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിലൂടെയും സമുദ്ര-വ്യോമ ഗതാഗത മേഖലകളിൽ വികസനം കൊണ്ടുവരുന്നതിലൂടെയും കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്ത്രീശാക്തീകരണത്തിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പുതിയ സർക്കാർ സ്വീകരിക്കുന്നത്.
സ്ത്രീകൾക്ക് പൊതുഗതാഗതത്തിൽ സൗജന്യ ബസ് യാത്രയും വിദ്യാർഥിനികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജുകളും നടപ്പാക്കും. കൂടാതെ, മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് തന്നെ രൂപവത്കരിക്കുന്നത് സാമൂഹിക സമത്വം ഉറപ്പാക്കാൻ സഹായിക്കും.
ആരോഗ്യരംഗത്ത് ‘ഉമ്മൻചാണ്ടി ഹെൽത്ത് ഇൻഷുറൻസ്’ വഴി മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. സർക്കാർ ആശുപത്രികളുടെ നിലവാരം ഉയർത്തുന്നതിലൂടെ സാധാരണക്കാർക്ക് അർഹമായ ചികിത്സ ഉറപ്പാക്കാൻ സാധിക്കും. ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം സഞ്ചരിക്കുകയും അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സർക്കാർ ആയിരിക്കും വരും ദിനങ്ങളിൽ കേരളത്തെ നയിക്കുക എന്നത് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

