ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിക്ക് പുതിയ തലവൻ
text_fieldsജിദ്ദ: ലോകത്തിലെ 57 ഇസ്‌ലാമിക രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ‘ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോപ്പറേഷൻ’(ഒ.ഐ.സി) പുതിയ ജനറൽ സെക്രട്ടറിയായി മൗറിതാനിയയുടെ മുൻ വിദേശകാര്യ മന്ത്രി ഇസ്മാഈൽ ഔൽദ് ശൈഖ് അഹമ്മദിനെ തിരഞ്ഞെടുത്തു. ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വ്യാഴാഴ്ച ചേർന്ന പ്രത്യേക അടിയന്തര യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. നിലവിലെ ജനറൽ സെക്രട്ടറി ഹുസൈൻ ഇബ്രാഹിം താഹയുടെ ഭരണകാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് മൗറിതാനിയ ഔൽദ് ശൈഖ് അഹമ്മദിെൻറ പേര് നിർദ്ദേശിച്ചത്.
തിരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹം ഒ.ഐ.സിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പുതിയ തലവനെ തിരഞ്ഞെടുക്കുന്നതിനൊപ്പം ഫലസ്തീൻ വിഷയം, അൽ അഖ്സ മസ്ജിദിലെ നിലവിലെ സ്ഥിതിഗതികൾ, ഇസ്‌ലാമിക രാജ്യങ്ങളുടെ മറ്റ് പൊതുവിഷയങ്ങൾ എന്നിവയും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. യോഗത്തിൽ സംസാരിച്ച സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, പുതിയ ജനറൽ സെക്രട്ടറിക്ക് ആശംസകൾ നേരുകയും മുസ്‌ലിം ലോകത്തെ സേവിക്കാനുള്ള ഒ.ഐ.സിയുടെ എല്ലാ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
നിലവിൽ പശ്ചിമേഷ്യയിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലും ഇസ്‌ലാമിക രാജ്യങ്ങൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒരു രാജ്യത്തിന് മാത്രമായി ഒറ്റയ്ക്ക് പരിഹരിക്കാൻ കഴിയില്ലെന്നും, അതിന് രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും കൂട്ടായ തീരുമാനങ്ങളും അത്യാവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ, ഒ.ഐ.സി. എടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാനും അതിെൻറ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും സംഘടനയ്ക്കുള്ളിൽ ശക്തമായ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തിന് സൗദി അറേബ്യയുടെ പിന്തുണ എന്നും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി ആവർത്തിച്ചു. ഇസ്രായേലി ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും അൽ അഖ്സ മസ്ജിദിൽ തുടർച്ചയായി നടത്തുന്ന കടന്നുകയറ്റങ്ങളെ സൗദി ശക്തമായി അപലപിച്ചു. അൽ അഖ്സ മസ്ജിദിെൻറ സമയത്തിലോ സ്ഥലത്തിലോ എന്തെങ്കിലും തരത്തിലുള്ള വിഭജനം അടിച്ചേൽപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സൗദി തള്ളിക്കളയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ വലിയ നയതന്ത്ര പരിചയമുള്ള പ്രമുഖ വ്യക്തിത്വമാണ് പുതിയ ഒ.ഐ.സി തലവനായ ഇസ്മാഈൽ ഔൽദ് ശൈഖ് അഹമ്മദ്. 2022 മുതൽ 2024 വരെ മൗറിതാനിയൻ പ്രസിഡൻറ് മുഹമ്മദ് ഔൽദ് ശൈഖ് അൽ ഗസ്വാനിയുടെ കാബിനറ്റ് ഡയറക്ടറായും, 2018 മുതൽ 2022 വരെ വിദേശകാര്യ-സഹകരണ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയിലും ദീർഘകാലത്തെ പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്. 2015 ഏപ്രിൽ മുതൽ 2018 ഫെബ്രുവരി വരെ യമനിലേക്കുള്ള യു.എൻ. സെക്രട്ടറി ജനറലിെൻറ പ്രത്യേക ദൂതനായി പ്രവർത്തിച്ചത് അദ്ദേഹമാണ്. 2014-ൽ ലോകത്തെ ഭീതിയിലാഴ്ത്തിയ എബോള വൈറസ് പ്രതിരോധ യു.എൻ. ദൗത്യത്തിെൻറ തലവനായും, ലിബിയയിലെ യു.എൻ. സമാധാന ദൗത്യത്തിെൻറ ഡെപ്യൂട്ടി സ്പെഷ്യൽ റെപ്രസേൻററ്റീവ്, ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ യു.എൻ. പോപ്പുലേഷൻ ഫണ്ടിെൻറ ഭാഗമായി 2012 മുതൽ 2014 വരെ യമനിലും 2008 മുതൽ 2012 വരെ സിറിയയിലും ഹ്യൂമാനിറ്റേറിയൻ കോഓഡിനേറ്ററായി സേവനമനുഷ്ഠിച്ച അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

