നിർമിതബുദ്ധി മേഖലയിൽ പുതിയ കമ്പനി
text_fieldsറിയാദ്: നിർമിതബുദ്ധി മേഖലയിൽ ലോകത്ത് ഒന്നാം നിരയിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘ഹ്യൂമെയ്ൻ’ എന്ന പേരിൽ പുതിയ എ.ഐ കമ്പനി ആരംഭിച്ചെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും കൈകാര്യം ചെയ്യുകയുമാണ് പൊതുനിക്ഷേപ നിധിയുടെ (പി.ഐ.എഫ്) ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഉദ്ദേശ്യം. നിർമിതബുദ്ധിയുടെ ഏറ്റവും പുതിയ മോഡലുകളും ആപ്ലിക്കേഷനുകളും കമ്പനി പുറത്തിറക്കും. അറബിയിലെ ഏറ്റവും മികച്ച വലിയ ഭാഷാ മോഡലുകളിൽ ഒന്ന് (എൽ.എൽ.എം) വികസിപ്പിക്കുന്നതും ന്യൂ ജനറേഷൻ ഡേറ്റ സെന്ററുകളും ക്ലൗഡ് കമ്പ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചറുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നിവ കമ്പനിയുടെ പ്രവർത്തന മേഖലകളാണ്. പ്രാദേശികമായും അന്തർദേശീയമായും കൃത്രിമബുദ്ധി ആപ്ലിക്കേഷനുകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിലും നൽകുന്നതിലും കഴിവുകൾ ശാക്തീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കമ്പനി സംഭാവന നൽകും. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നും കിരീടാവകാശി പറഞ്ഞു. സൗദി അറേബ്യയുടെ വിവര സാങ്കേതിക രംഗത്തെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം അന്താരാഷ്ട്ര നിക്ഷേപത്തിലൂടെയും പങ്കാളിത്തത്തിലൂടെയും നിർമിതബുദ്ധി ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി പൊതുനിക്ഷേപ നിധിയും അതിന്റെ നിരവധി പോർട്ട്ഫോളിയോ കമ്പനികളും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലുള്ള രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം ആശയവിനിമയ ശൃംഖലകൾ തമ്മിലുള്ള ബന്ധം സുഗമമാക്കുകയും വലിയ അളവിലുള്ള ഡേറ്റ വേഗത്തിൽ പ്രോസസ് ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. രാജ്യത്ത് ആധുനിക സാങ്കേതികവിദ്യകളിൽ താൽപര്യമുള്ള യുവാക്കളുടെ വർധിച്ചുവരുന്ന അനുപാതം നിർമിതബുദ്ധി സാങ്കേതികവിദ്യകളിലെ ശേഷി വികസനം, ഗവേഷണം, നവീകരണം എന്നിവയെ പിന്തുണക്കുന്നു.
രാജ്യത്തിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുക എന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പി.ഐ.എഫ് പദ്ധതികൾ ലക്ഷ്യമിടുന്നത്.
പ്രാദേശിക വികസനത്തിനും സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങൾക്കും പിന്തുണ നൽകുക എന്ന ലക്ഷ്യങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഇത്. 2024 ലെ ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂചികയിൽ ഗവൺമെന്റിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജിയിൽ ആഗോളതലത്തിൽ സൗദി ഒന്നാമതെത്തിയത് ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

