യാംബു വ്യവസായ നഗരത്തിൽ പുതിയ വാണിജ്യസംരംഭങ്ങൾക്ക് തുടക്കം
text_fieldsയാംബു വ്യവസായ നഗരത്തിൽ വിവിധ നിക്ഷേപ പദ്ധതികളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും ഉദ്ഘാടനം മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ നിർവഹിച്ചപ്പോൾ
യാംബു: യാംബു വ്യവസായ നഗരത്തിൽ പുതിയ വാണിജ്യ സംരംഭങ്ങൾക്ക് തുടക്കമായി. റോയൽ കമീഷനിൽ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ നാല് സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്തു. കമീഷൻ ഭരണ സിരാകേന്ദ്രമായ പുതിയ കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. ഫഹദ് ഡിസ്ട്രിക്ടിലാണ് പുതിയ ഓഫിസ് സമുച്ചയം. 56,000 ചതുരശ്ര മീറ്ററിൽ 20 നിലകളാണ് പുതിയ കേന്ദ്രത്തിനുള്ളത്. വ്യവസായ-ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽ ഖുറൈഫ്, ജുബൈൽ യാംബു റോയൽ കമീഷൻ ചെയർമാൻ എൻജി. ഖാലിദ് അൽ സാലിം എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
യാംബു വ്യവസായ നഗരത്തിലെ വിവിധ വികസന പദ്ധതികൾക്കുള്ള തറക്കല്ലിടൽ ഗവർണർ നിർവഹിച്ചു. 207 കിടക്കകളുള്ള അൽ മുവാസത്ത് ആശുപത്രി, ലേ പെട്രോൾ റിസോർട്ട്, കെമ്പിൻസ്കി ഹോട്ടൽ, അൽഫറാബി യാംബു പെട്രോകെമിക്കൽ പ്ലാൻറ്, റോയൽ കമീഷൻ വാണിജ്യ കേന്ദ്രത്തിലെ ലുലു ഹൈപ്പർമാർക്കറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് ഗവർണർ നിർവഹിച്ചത്. സൗദിയുടെ സാമ്പത്തിക ഭൂപടത്തിൽ ജുബൈൽ, യാംബു നഗരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിർണായക സംഭാവന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നുവെന്നും വ്യവസായ-ധാതു വിഭവശേഷി മന്ത്രി ഊന്നിപ്പറഞ്ഞു.
സൗദിയുടെ സമ്പൂർണ വികസനപദ്ധതിയായ ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങളിൽ മുഖ്യമായ വ്യവസായമേഖലയിലെ വികസനത്തിന്റെ ഭാഗമായി പൂർത്തിയാക്കി വരുന്ന പദ്ധതികൾ റോയൽ കമീഷൻ പൂർത്തിയാക്കി വരുന്നതായി അധികൃതർ പറഞ്ഞു. വിവിധ വ്യവസായ വാണിജ്യ മേഖലകളിൽ ആകർഷകമായ നിക്ഷേപ പദ്ധതികളും പരിസ്ഥിതി സംരക്ഷിച്ചു കൊണ്ട് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിൽ റോയൽ കമീഷൻ വിജയിച്ചതായി ചെയർമാൻ എൻജി. ഖാലിദ് അൽസാലിം പറഞ്ഞു.
സാമ്പത്തിക അടിത്തറയും അന്താരാഷ്ട്ര പ്രശസ്തിയും നേടി റോയൽ കമീഷൻ പ്രധാന വ്യാവസായിക നഗരങ്ങളിൽ മികച്ച പദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യാംബു ഇൻഡസ്ട്രിയൽ സിറ്റിയിലെ സ്വകാര്യമേഖലയിലെ നിക്ഷേപം 294 ശതകോടി റിയാലിലെത്തിയെന്നും 2030 ആകുമ്പോഴേക്കും 513 ശതകോടി റിയാലിലെത്താൻ പദ്ധതിയിടുന്നതായും വ്യവസായ-ധാതു വിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹീം അൽ ഖുറൈഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

