കഅ്ബക്ക് ഇന്ന് പുതിയ കിസ്വ അണിയിക്കും
text_fieldsജിദ്ദ: കഅ്ബക്ക് ബുധനാഴ്ച പുതിയ പുടവ (കിസ്വ) അണിയിക്കും. ഇതിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായി. ഫാക്ടറിയിൽനിന്ന് പുതിയ കിസ്വ മസ്ജിദുൽ ഹറാമിലെത്തിക്കുന്നതിനുള്ള ഒരുക്കം ഇരുഹറം കാര്യാലയത്തിന് കീഴിലെ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സേവന വകുപ്പും പൂർത്തിയാക്കിയിട്ടുണ്ട്.
പ്രത്യേക ട്രക്കിലാണ് കിസ്വ എത്തിക്കുന്നത്. ട്രക്കിനകം അണുമുക്തമാക്കുന്ന ജോലിയും പൂർത്തിയാക്കിയിട്ടുണ്ട്. കിസ്വ കൊണ്ടുപോകുന്നതിനിടയിൽ അതിെന സംരക്ഷിക്കുന്നതിനും കീറുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാതിരിക്കാനും ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. സുരക്ഷ വാഹനങ്ങളുടെ അകമ്പടിയിലാണ് പുതിയ കിസ്വ മക്ക ഹറമിലെത്തിക്കുക.
പ്രധാന വാഹനത്തിനൊപ്പം അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാൻ മറ്റൊരു വാഹനവും ഒരു മൊബൈൽ വർക്ഷോപ്പും കൂടെയുണ്ടാകും. കിങ് അബ്ദുൽ അസീസ് കിസ്വ സമുച്ചയത്തിൽനിന്ന് വിദഗ്ധരെയും തയ്യൽക്കാരെയും ഹറമിലേക്ക് കൊണ്ടുപോകാൻ രണ്ട് ബസുകളും കിസ്വ കമ്മിറ്റിയെ കൊണ്ടുപോകാൻ കാറുകളും ഒരുക്കിയിട്ടുണ്ട്.

