മക്കയിൽ പുതിയ ബസ് റൂട്ട്; മസ്ജിദുൽ ഹറാമിൽനിന്ന് നേരിട്ട് ഹിറാ സാംസ്കാരിക കേന്ദ്രത്തിലേക്ക്
text_fieldsമക്ക: തീർഥാടകർക്കും സന്ദർശകർക്കും യാത്രാസൗകര്യം വർധിപ്പിക്കുന്നതിനായി മക്ക പൊതുഗതാഗത പദ്ധതി (മക്ക ബസ്) പുതിയ റൂട്ട് ആരംഭിച്ചു.
മസ്ജിദുൽ ഹറാമിനെ ചരിത്രപ്രസിദ്ധമായ ഹിറ സാംസ്കാരിക ഡിസ്ട്രിക്ടുമായി (Hira Cultural District) ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവിസ്. മക്കയിലെ മതപരവും സാംസ്കാരികവുമായ പ്രമുഖ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക, തീർഥാടകർക്ക് സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത സൗകര്യം ഉറപ്പാക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ റൂട്ട് നിലവിൽ വന്നതോടെ, മക്കയിലെ ‘സെൻട്രൽ ഏരിയ’യിൽനിന്ന് ഹിറാ സാംസ്കാരിക കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് നേരിട്ട് പ്രവേശനം സാധ്യമാകും. ഖുർആൻ മ്യൂസിയം, വിവിധ പ്രദർശനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഹിറ സാംസ്കാരിക കേന്ദ്രം മക്കയിലെ പ്രധാന വിജ്ഞാന കേന്ദ്രങ്ങളിലൊന്നാണ്. മക്കയിലെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ പുതിയ റൂട്ട് സഹായിക്കും.
ഇരു ഹറമുകൾക്കും പുണ്യസ്ഥലങ്ങൾക്കുമുള്ള റോയൽ കമീഷന്റെ മേൽനോട്ടത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തീർഥാടകരുടെയും സന്ദർശകരുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ച്, നഗരത്തിലെ സുപ്രധാന സ്ഥലങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാനാണ് മക്ക പൊതുഗതാഗത കേന്ദ്രം ലക്ഷ്യമിടുന്നത്. ആധുനികമായ ആസൂത്രണത്തിലൂടെ മക്കയിലെ ഗതാഗതക്കുരുക്ക് കുറക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും ഈ പുതിയ റൂട്ട് സഹായകമാകും.
മക്ക ബസ് ശൃംഖലയുടെ ഇതുവരെയുള്ള നേട്ടങ്ങൾ
ആകെ റൂട്ടുകൾ : 12
സർവിസ് നടത്തുന്ന ബസുകൾ : 400
ആകെ സ്റ്റേഷനുകൾ : 431
യാത്രക്കാർ (ഇതുവരെ) : 18.8 കോടി
ആകെ ട്രിപ്പുകൾ : 40 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

