സൗദിയിൽ പുതിയ ബജറ്റ് എയർലൈൻ കമ്പനി വരുന്നു
text_fieldsറിയാദ്: ദമ്മാമിലെ കിങ് ഫഹദ് ഇന്റർനാഷനൽ വിമാനത്താവളം ആസ്ഥാനമാക്കി സൗദി അറേബ്യയിൽ പുതിയ ബജറ്റ് എയർലൈൻ കമ്പനി രൂപവത്കരിക്കുന്നു. മൂന്നു കമ്പനികളുൾപ്പെട്ട എയർ അറേബ്യ സഖ്യമാണ് ഇതിനുള്ള ബിഡ് നേടിയതെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക) പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുവൈലേജ് പറഞ്ഞു. ദമ്മാം വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എയർ അറേബ്യ, കാൻ ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്, നസ്മ ഗ്രൂപ് എന്നീ മൂന്നു കമ്പനികൾ ഉൾപ്പെടുന്ന ഒരു കൺസോർട്യത്തിന്റെ ബിഡ് ആണ് വിജയിച്ചത്. വ്യോമയാന ശൃംഖലയുടെ ബന്ധം വ്യാപിപ്പിക്കുന്നതിനും വർധിപ്പിക്കുന്നതിനും വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായിക്കും. പുതിയ ബജറ്റ് എയർലൈൻ കമ്പനി 24 ആഭ്യന്തര റൂട്ടുകളിലും 57 ഇന്റർനാഷനൽ റൂട്ടുകളിലും സർവിസുകൾ നടത്തും. ഇത് രാജ്യത്തിന്റെ വ്യോമയാന ബന്ധം വർധിപ്പിക്കും.
2030 ആകുമ്പോഴേക്കും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും പ്രതിവർഷം ഒരു കോടി യാത്രക്കാരെ എത്തിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിൽനിന്ന് ഉരുത്തിരിഞ്ഞ വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ ബജറ്റ് എയർലൈൻ കമ്പനി.
ഇത് 2,400 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപാദനത്തെ പിന്തുണക്കുന്നതിനും സംഭാവന ചെയ്യും. ദമ്മാമിലെയും കിഴക്കൻ പ്രവിശ്യയിലെയും സാമ്പത്തിക, ടൂറിസം വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വ്യോമയാന മേഖലയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്നും അൽദുവൈലജ് പറഞ്ഞു.
2024ൽ കിങ് ഫഹദ് ഇന്റർനാഷനൽ വിമാനത്താവളം റെക്കോഡ് നേട്ടങ്ങൾ കൈവരിച്ചുവെന്നും 1,05,000 വിമാനങ്ങളിലായി 1.28 കോടി യാത്രക്കാർക്ക് സേവനം നൽകിയെന്നും 2022 നെ അപേക്ഷിച്ച് 35 ശതമാനം വളർച്ച കൈവരിച്ചെന്നും അൽദുവൈലേജ് ചൂണ്ടിക്കാട്ടി. വ്യോമ ചരക്കുഗതാഗതത്തിൽ 160 ശതമാനം വളർച്ച കൈവരിച്ചതിന് പുറമെയാണിത്.
സ്കൈട്രാക്സിന്റെ കണക്കനുസരിച്ച് മിഡിലീസ്റ്റിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമായി ആഗോളതലത്തിൽ രണ്ടാം സ്ഥാനവും ദമ്മാം വിമാനത്താവളത്തിന് ലഭിച്ചു.
കൂടാതെ 2024-25 കാലത്തെ 13 പ്രാദേശിക, അന്തർദേശീയ സർട്ടിഫിക്കറ്റുകളും അവാർഡുകളും വിമാനത്താവളത്തിന് ലഭിച്ചിട്ടുണ്ടെന്നും അൽദുവൈലജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

