ലുലു ഹൈപർ മാർക്കറ്റിന്റെ പുതിയ ശാഖ ജിദ്ദ മദീന റോഡിൽ പ്രവർത്തനമാരംഭിച്ചു
text_fieldsസൗദിയിലെ 29-ാമത് ലുലു ഹൈപർ മാർക്കറ്റ് ജിദ്ദ റുവൈസിൽ ജിദ്ദ ചേംബർ വൈസ് ചെയർമാൻ ഖലഫ് ബിൻ ഹുസൻ അൽ ഉതൈബി ഉദ്‌ഘാടനം ചെയ്യുന്നു
ജിദ്ദ: സൗദിയിലെ 29-ാമത് ലുലു ഹൈപർ മാർക്കറ്റ് ജിദ്ദയിലെ റുവൈസ് ഡിസ്ട്രിക്ടിൽ തിരക്കേറിയ മദീന റോഡിൽ പ്രവർത്തനമാരംഭിച്ചു. ജിദ്ദ ചേംബർ വൈസ് ചെയർമാൻ ഖലഫ് ബിൻ ഹുസൻ അൽ-ഉതൈബി ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ഹൈപർ മാർക്കറ്റിന്റെ ഉദ്ഘാടനച്ചടങ്ങുകൾ വെട്ടിച്ചുരുക്കി ലളിതമായാണ് ചടങ്ങുകൾ നടന്നത്. ഉദ്‌ഘാടന ചെലവിന് പകരമായി ദുരിതബാധിതരായ 1,500 ലധികം നിർധന കുടുംബങ്ങളെ സഹായിക്കാനായി നഫ ചാരിറ്റി സൊസൈറ്റിക്ക് തുക സംഭാവന നൽകുകയായിരുന്നു. ലുലു ഗ്രൂപ്പ് എപ്പോഴും സമൂഹത്തിനൊപ്പം നിൽക്കുന്നവരാണെന്നും മാനുഷിക പരിഗണകൾക്കാണ് തങ്ങൾ മുൻതൂക്കം നൽകാറുള്ളതെന്നും പ്രളയബാധിതരായ കുടുംബങ്ങളെ സഹായിക്കൽ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസിലാക്കിയാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്നും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി പറഞ്ഞു.
ഉദ്‌ഘാടനത്തിന് ശേഷം അതിഥികൾ ലുലു ഹൈപർ മാർക്കറ്റിനകത്ത്
90,000 ചതുരശ്ര അടി വിസ്തീർണത്തിലൊരുക്കിയ ഒറ്റനില സ്റ്റോർ അടക്കം മൊത്തം 1,90,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഹൈപർ മാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. 16 ചെക്ക്ഔട്ട് കൗണ്ടറുകളും 275 ഓളം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ലുലു ഗ്രൂപ്പിന്റെ മറ്റു ഹൈപർ മാർക്കറ്റുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും പുതിയ ഹൈപർ മാർക്കറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏറ്റവും ഫ്രഷായ പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീ ഫുഡ് എന്നിവയുടെ സമൃദ്ധമായ ശ്രേണി തന്നെ ഒരുക്കിയിട്ടുണ്ട്. മാളിനകത്ത് പ്രവർത്തിക്കുന്ന ബേക്കറിയിൽ ചൂടോടെ തയാറാക്കുന്ന ബ്രെഡുകൾ, കേക്കുകൾ, മാംസത്തിന് പകരമുള്ള സസ്യാധിഷ്ഠിത ഭക്ഷണസാധനങ്ങൾ, പ്രത്യേക ജൈവ, സൂപർ ഫുഡ് തുടങ്ങിയവയെല്ലാം പുതിയ ഹൈപർ മാർക്കറ്റിന്റെ പ്രത്യേകതകളാണ്.
ദുരിതബാധിതരായ 1,500 ലധികം നിർധന കുടുംബങ്ങളെ സഹായിക്കാനായി ലുലു ഗ്രൂപ്പ്, നഫ ചാരിറ്റി സൊസൈറ്റിക്ക് സംഭാവന നൽകുന്ന പ്രഖ്യാപനം
ലുലു ഫാഷൻ പോലുള്ള ജനപ്രിയ ലുലു ഷോപ്പിങ് സ്റ്റേഷനുകൾ, ഇലക്ട്രോണിക്സ് വിഭാഗം ലുലു കണക്ട്, ബ്യൂട്ടി ആൻഡ് കോസ്മെറ്റിക്സ് ഡിവിഷൻ ബി.എൽ.എസ്.എച്ച് എന്നിവയെല്ലാം സ്റ്റോറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എം.എ. അഷ്‌റഫ് അലി പറഞ്ഞു. മാറിയ സൗദി അറേബ്യയുടെ പുതിയ സാമ്പത്തിക ഊർജത്തോടുള്ള പ്രതിബദ്ധതയും ഊർജസ്വലമായ നിക്ഷേപക ലക്ഷ്യസ്ഥാനവും ലുലു ഗ്രൂപ്പിന്റെ വിപുലീകരണത്തിലെ സുപ്രധാന കണ്ണിയായി വർത്തിക്കുന്നതായി അഭിപ്രായപ്പെട്ട എം.എ. അഷ്‌റഫ് അലി ശോഭനമായ ഭാവിക്കായുള്ള സൗദി നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ പ്രശംസിച്ചു. ലുലു ഹൈപർമാർക്കറ്റ് സൗദി ഡയറക്ടർ ഷഹിം മുഹമ്മദ്, വെസ്റ്റേൺ പ്രവിശ്യ റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദലി എന്നിവരും മറ്റു ഉദ്യോഗസ്ഥരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

