ആഗോള ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാൻ സൗദി: ‘സ്പിരിറ്റ് ഓഫ് സൗദി’ ലോഗോ പതിപ്പിച്ച പുതിയ ബോയിങ് വിമാനം പുറത്തിറക്കി
text_fieldsസൗദി വെൽക്കം ടു അറേബ്യ’ എന്ന സ്വാഗത സന്ദേശം ആലേഖനം ചെയ്ത സൗദി എയർലൈൻസ് വിമാനം
ജിദ്ദ: സൗദി അറേബ്യയെ ഒരു മുൻനിര ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി സൗദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് ‘സ്പിരിറ്റ് ഓഫ് സൗദി’ ലോഗോയും ‘സൗദി വെൽക്കം ടു അറേബ്യ’ എന്ന സ്വാഗത സന്ദേശവും ആലേഖനം ചെയ്ത പുതിയ വിമാനം സൗദി അറേബ്യൻ എയർലൈൻസ് പുറത്തിറക്കി.
ആധുനിക സൗകര്യങ്ങളുള്ള ബോയിങ് ബി 787-9 വിഭാഗത്തിൽപെട്ട ഈ വിമാനം നാല് ഭൂഖണ്ഡങ്ങളിലായുള്ള നൂറിലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് രാജ്യത്തിന്റെ സാംസ്കാരിക സന്ദേശവുമായി പറക്കും. വിമാനത്തിനുള്ളിലെ വിനോദ സംവിധാനങ്ങളിലൂടെ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബൃഹത്തായ വികസന പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുന്ന ഒരു സംയോജിത പ്രൊമോഷനൽ കാമ്പയിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൗദി അറേബ്യയുടെ സവിശേഷമായ സ്വത്വം പ്രതിഫലിപ്പിക്കുന്ന തരത്തിൽ യാത്രക്കാർക്ക് വേറിട്ട അനുഭവം നൽകുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്നും വിനോദസഞ്ചാരികളുടെ വർധനവ് ഇത്തരം സംയുക്ത പദ്ധതികളുടെ വിജയമാണ് കാണിക്കുന്നതെന്നും സൗദി ഗ്രൂപ് ജനറൽ മാനേജർ ഇബ്രാഹിം അൽഉമർ വ്യക്തമാക്കി. വിമാനയാത്രയെ കേവലം ഒരു യാത്ര എന്നതിലുപരി രാജ്യത്തിന്റെ ആതിഥ്യമര്യാദയും പാരമ്പര്യവും തൊട്ടറിയുന്ന പ്രചോദനാത്മകമായ അനുഭവമാക്കി മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹമീദ് അൽദിൻ പറഞ്ഞു.
അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകർഷിക്കുക, വ്യോമഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുക, ഡിമാൻഡ് അനുസരിച്ച് കൂടുതൽ സർവിസുകൾ ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, ‘ടൂറിസം 2025’ പോലുള്ള ആഗോള പ്രദർശനങ്ങളിൽ പങ്കെടുത്തുകൊണ്ട് ലോക ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാനും ഇരു വിഭാഗങ്ങളും സംയുക്തമായി പ്രവർത്തിക്കുന്നു.
‘
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

