നിയോം, ദി ലൈൻ; ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പദ്ധതികൾ -വിദേശകാര്യ സഹമന്ത്രി
text_fieldsസൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുന്നു
ജിദ്ദ: നിയോം, ദി ലൈൻ എന്നീ പദ്ധതികൾ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത നഗരങ്ങളെ കുറിച്ചുള്ളതാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രിയും ഐക്യരാഷ്ട്ര സഭയിലെ കാലാവസ്ഥ സമിതിയിലെ സൗദി പ്രതിനിധിയുമായ ആദിൽ അൽ ജുബൈർ പറഞ്ഞു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നഗരാസൂത്രണത്തെ ആളുകൾ കാണുന്ന രീതിയെ അടിസ്ഥാനപരമായി മാറ്റുന്ന പദ്ധതികളാണിവ. സംശയമുള്ളവരെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ നിയോം യാഥാർഥ്യമാണ്. ദി ലൈനും യാഥാർഥ്യമാണ്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പരിവർത്തന പദ്ധതികളാണിവ. നഗരങ്ങളെയും നഗരാസൂത്രണത്തെയും ആളുകൾ കാണുന്ന രീതി അടിസ്ഥാനപരമായും വിപ്ലവകരമായും ഇത് മാറ്റും.
മുമ്പൊരിക്കലും പരീക്ഷിക്കാത്തതും ഇപ്പോൾ നിർമാണത്തിലിരിക്കുന്നതുമായ ചിന്തയാണിതെന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു. നിയോം, ദി ലൈൻ പദ്ധതികൾ സാമ്പത്തികമായി പ്രായോഗികമാണെന്നും ഇല്ലെങ്കിൽ ഞങ്ങൾ അവ എടുക്കില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഇത് സൗദി അറേബ്യക്ക് മാത്രമല്ല, പൊതുവെ നഗര ജീവിതത്തിനും വളരെ അഭിലഷണീയവും പരിവർത്തനപരവുമായ ഒരു ദീർഘകാല പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള ജീവിതം ആസ്വദിക്കുന്ന പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നഗരം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഈ പദ്ധതികളെന്ന് അദ്ദേഹം വിശദീകരിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാകില്ല.
കാറുകൾ ഉപയോഗിക്കാതെയും വിവിധ മേഖലകളിലേക്ക് പോകാനാകും. പരിസ്ഥിതി സൗഹൃദവും പുനരുപയോഗ ഊർജത്തെ ആശ്രയിക്കുന്നതുമായ മറ്റു ഗതാഗത മാർഗങ്ങൾ ഉണ്ടാകുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

