ലീഗൽ സർവിസ് ആക്ടിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യം
text_fieldsപ്രവാസി ലീഗൽ സെൽ കേരള ഘടകം പ്രതിനിധികൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നിവേദനം നൽകിയപ്പോൾ
റിയാദ്/തിരുവനന്തപുരം: ഇന്ത്യയുടെ ലീഗൽ സർവിസ് ആക്റ്റ് ഭേദഗതി ചെയ്ത് അതിന്റെ പരിധിയിൽ പ്രവാസികളെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഘടകം പ്രതിനിധികൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുമായി കൂടിക്കാഴ്ച നടത്തി. വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളിൽ വിശദമായ നിവേദനം നൽകി.ഉന്നയിച്ച വിഷയങ്ങളിൽ പലതും തനിക്ക് അറിവുള്ളതാണെന്നും നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൂടുതൽ വിവരങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ച് ലോകസഭയിൽ അവതരിപ്പിക്കാമെന്നും പ്രേമചന്ദ്രൻ നിവേദകസംഘത്തിന് ഉറപ്പുനൽകി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറിയുമായും ഡൽഹിയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചക്ക് ആവശ്യമായ സഹായം ചെയ്യാമെന്നും പ്രേമചന്ദ്രൻ ഉറപ്പുനൽകി.
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് നിയമസഹായം ഉറപ്പുവരുത്തുന്നതിന് ലീഗൽ സർവിസ് നിയമത്തിൽ ഭേദഗതി വരുത്തണമെന്നതാണ് പ്രധാന ആവശ്യം. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ നിയമസഹായം ഉറപ്പുവരുത്തുന്ന കേന്ദ്രനിയമമായ ലീഗൽ സർവിസ് അതോറിറ്റീസ് ആക്റ്റ് -1987 ഭേദഗതി ചെയ്ത്, ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യക്കാരെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം.പ്രവാസി ഭാരതീയ ഭീമ യോജന ഇൻഷുറൻസ് പദ്ധതിയിൽ വിദേശത്ത് പോകുന്ന മുഴുവൻ പേരെയും ഉൾപ്പെടുത്തണമെന്നും നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും ചെയ്യണം, മരണത്തിനും അംഗവൈകല്യത്തിനും നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കണം, വിദേശത്ത് കാഷ്ലെസ് ചികിത്സ ഉറപ്പാക്കണം, ഭീമ യോജനയെക്കുറിച്ച് കൂടുതൽ അവബോധം ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ഉണ്ടാക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തണം, ഇന്ത്യൻ എംബസി ക്ഷേമനിധിവഴി ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാനിടയുള്ള പുതിയ കുടിയേറ്റ നിയമമായ ഓവർസീസ് മൊബിലിറ്റി ബില്ലിൽ ഉൾപ്പെടുത്തണം, വിദേശ തൊഴിൽ/വിദ്യാഭ്യാസ തട്ടിപ്പുകൾ തടയാനുള്ള നിയമം കൊണ്ടുവരണം, എംബസി ക്ഷേമനിധിവഴി നിയമസഹായം ശക്തമാക്കണം, മഹാത്മ ഗാന്ധി പ്രവാസി സുരക്ഷ യോജന പുനഃസ്ഥാപിക്കണം, പ്രവാസി തൊഴിലാളികൾക്ക് പെൻഷനും ലൈഫ് ഇൻഷുറൻസും പുനരധിവാസവും തുടങ്ങിയ ആനുകൂല്യങ്ങൾ നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. മഹാത്മ ഗാന്ധി പ്രവാസി സുരക്ഷ യോജന 2012ൽ ആരംഭിക്കുകയും 2017ൽ പ്രത്യേക കാരണമൊന്നും ഇല്ലാതെ നിർത്തലാക്കുകയും ചെയ്തിരുന്നു.
ഇ.സി.ആർ വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് ഏറെ ഗുണകരമായിരുന്ന ഈ പദ്ധതി കേന്ദ്ര വിദേശകാര്യവകുപ്പ് പുനരുജ്ജീവിപ്പിക്കണമെന്നാണ് പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ, ട്രഷറർ തൽഹത്ത് പൂവച്ചൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ നിയാസ് പൂജപ്പുര, ജിഹാംഗീർ, നന്ദഗോപകുമാർ, അനിൽ കുമാർ, ശ്രീകുമാർ എന്നിവരാണ് പ്രതിനിധി സംഘത്തിൽഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

