പകുതിയോളം ഇന്ത്യൻ തീർത്ഥാടകർ വിശുദ്ധ മണ്ണിൽ; കണ്ണൂർ വഴിയുള്ള യാത്രക്കും തുടക്കമായി
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ പ്രവാഹം തുടരുന്നു. മൂന്നാഴ്ച പിന്നിടുമ്പോൾ ഇതുവരെ 230 വിമാനങ്ങളിലായി 69,348 തീർത്ഥാടകരാണ് മക്കയിലും മദീനയിലുമായി എത്തിച്ചേർന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം 18,678 ഹാജിമാർ ഇപ്പോൾ മദീനയിലാണുള്ളത്. മദീനയിലെ എട്ടുദിവസത്തെ സന്ദർശനവും പ്രാർഥനകളും പൂർത്തിയാക്കി ഇവർ വരും ദിവസങ്ങളിൽ മക്കയിലേക്ക് തിരിക്കും. ബാക്കിയുള്ള തീർഥാടകർ നിലവിൽ മക്കയിലെ താമസസ്ഥലങ്ങളിൽ എത്തിക്കഴിഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള തീർത്ഥാടകരുടെ വരവ് സജീവമായി തുടരുകയാണ്. ഇതിനകം ഏഴായിരത്തോളം മലയാളി തീർത്ഥാടകർ മക്കയിലെത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് വ്യാഴാഴ്ച വരെ 16 വിമാനങ്ങൾ സർവീസ് നടത്തിക്കഴിഞ്ഞു. കോഴിക്കോട് വിമാനത്താവളം വഴിയുള്ള തീർത്ഥാടകരുടെ യാത്ര ഈ മാസം 14-ന് ആരംഭിക്കും.
കണ്ണൂർ വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്കും ബുധനാഴ്ചയോടെ തുടക്കമായി. സൗദി എയർലൈൻസിെൻറ ഭാഗമായ ‘ഫ്ലൈ അദീൽ’ ആണ് കണ്ണൂരിൽ നിന്ന് സർവിസുകൾ നടത്തുന്നത്. വ്യാഴാഴ്ച ‘വിതൗട്ട് മഹ്‌റം’ വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെയുള്ള രണ്ട് വിമാനങ്ങൾ ജിദ്ദയിലെത്തി. വെള്ളിയാഴ്ച കണ്ണൂരിൽ നിന്ന് ഒരു വിമാനമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കണ്ണൂർ എംബാർക്കേഷൻ വഴി ആകെ 4,279 പേരാണ് ഹജ്ജിനായി പുറപ്പെടുന്നത്. ഇതിനായി മെയ് 14 വരെ നീളുന്ന 13 വിമാന സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള തീർത്ഥാടകർക്കായി മക്കയിലെ അസീസിയയിൽ 804, 815 നമ്പർ കെട്ടിടങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

