14 ലക്ഷത്തോളം തീർഥാടകർ ഇതുവരെ മക്കയിലെത്തി
text_fieldsമക്ക: ഹജ്ജ് കർമങ്ങളുടെ ദിനങ്ങൾ അടുക്കാറായപ്പോഴേക്കും മക്കയും പരിസരവും തീർഥാടക ലക്ഷങ്ങളാൽ നിറഞ്ഞുകവിഞ്ഞു. ഹജ്ജിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച മസ്ജിദുൽ ഹറാമിൽ നടന്ന ജുമുഅ നമസ്കാരത്തിൽ ലോകത്തിന്റെ നാനാദിക്കുകളിൽനിന്നെത്തിയ തീർഥാടകർ പങ്കെടുത്തു. സൗദി അറേബ്യയുടെ വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ വെള്ളിയാഴ്ച വരെ ആകെ എത്തിയ തീർഥാടകരുടെ എണ്ണം 14 ലക്ഷം കവിഞ്ഞതായി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ഇതിൽ 13,26,323 പേർ വന്നത് വിമാനമാർഗമാണ്. റോഡ് മാർഗം 65,228 പേരും കപ്പലുകൾ വഴി 5,093 പേരും എത്തി. ഒരു ലക്ഷം ഇന്ത്യൻ തീർഥാടകർ ഉൾപ്പെടെ 14 ലക്ഷത്തോളം ഹാജിമാരാണ് ഹജ്ജിന് തൊട്ടുമുമ്പുള്ള ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തത്. രാജ്യത്തെ മുഴുവൻ ഇൻറർനാഷനൽ എയർപ്പോർട്ടുകളിലും കരമാർഗമുള്ള അതിർത്തി കവാടങ്ങളിലും തുറമുഖങ്ങളിലും തീർഥാടകരെ സ്വീകരിക്കാൻ ഏറ്റവും ആധുനിക സാങ്കേതിക വിദ്യ അനുസരിച്ചുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. എ.ഐ ടെക്നോളജി വരെ ഉപയോഗിച്ചു. ബഹുഭാഷ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥർ ഇമിഗ്രേഷൻ അടക്കം പ്രവേശന നടപടിക്രമങ്ങളെല്ലാം സുഗമമാക്കാൻ കർത്തവ്യനിരതരായി.
ഇന്ത്യയിൽനിന്നുള്ള അവസാന തീർഥാടകർ ശനിയാഴ്ചയോടെ മക്കയിലെത്തി. കടുത്ത ചൂടിലാണ് ഈ വർഷത്തെ ഹജ്ജ് ദിനങ്ങൾ. മക്കയിലെ വിവിധ താമസകേന്ദ്രങ്ങളിൽ കഴിയുന്ന ഹാജിമാർ ഹജ്ജ് കർമങ്ങൾക്കായി ചൊവ്വാഴ്ചയോടെ മിനയിലേക്ക് പുറപ്പെടും. അതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. ആരോഗ്യ സുരക്ഷയടക്കം തീർഥാടകർക്ക് ആവശ്യമായ മുഴുവൻ മാർഗനിർദേശങ്ങളും അതത് ഗ്രൂപ്പുകൾ (ഹംലകൾ) താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് നൽകിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

