നവോദയ യുവജനവേദി ഫുട്ബാൾ മാമാങ്കം 'ഹയഹയ 2022' വെള്ളിയാഴ്ച
text_fieldsജിദ്ദ നവോദയ, യുവജനവേദി ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ
ജിദ്ദ: ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുമ്പോൾ അതിന്റെ അലയൊലികളും ആവേശപെരുക്കവും ജിദ്ദയിലും അലയടിക്കുകയാണ്. ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ട് ജിദ്ദ നവോദയ യുവജനവേദിയുടെ ഫുട്ബാൾ മാമാങ്കം 'ഹയഹയ 2022' വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജിദ്ദ നവോദയ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ ജിദ്ദയിലെ പ്രശസ്ത ക്ലബുകളിൽ നിന്നുള്ള കളിക്കാരെ അണിനിരത്തി തികച്ചും ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെ പ്രതീതിയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ഖാലിദ് ബിൻ വലീദ് ഏരിയ (നെതർലാന്റ്), മക്ക ഏരിയ (ഇംഗ്ലണ്ട്), അനാക്കിഷ് ഏരിയ (പോർച്ചുഗൽ), കിലോ അഞ്ച് ഏരിയ (ജർമ്മനി), കാർ ഹറാജ് ഏരിയ (ബ്രസീൽ), സഫ ഏരിയ (സ്പെയിൻ), ബവാദി ഏരിയ (ഫ്രാൻസ്), ഷറഫിയ ഏരിയ (മെക്സിക്കോ), സനാഇയ ഏരിയ (അർജന്റീന) എന്നിങ്ങനെ ടീമുകൾ അതാത് രാജ്യങ്ങളുടെ ജഴ്‌സി അണിഞ്ഞാണ് പോരാട്ട മൈതാനിയിലിറങ്ങുക. കളിക്ക് മുമ്പായി അതത് രാജ്യങ്ങളുടെ ജഴ്സി അണിഞ്ഞ് മാർച്ച് പാസ്റ്റുമുണ്ടായിരിക്കും. നവംബർ 18ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ജിദ്ദയിലെ അർബഈൻ റോഡിലുള്ള ചാലഞ്ച് സ്‌ക്വയർ മൈതാനിയിലാണ് മത്സരങ്ങൾ നടക്കുക.
വാർത്താ സമ്മേളനത്തിൽ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, യുവജനവേദി കൺവീനർ ആസഫ് അലി കരുവാറ്റ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഗോപൻ നെച്ചുള്ളി ഫഹജാസ്, ഷഫീഖ്, ടൂർണമെന്റിന്റെ പ്രധാന സ്പോൺസർ അൽമാസ് ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളായ അയൂബ് മാസ്റ്റർ, ഷാനവാസ് തിരുവത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

